തിരുവനന്തപുരം:ശബരിമല വിധിയിൽ രാഷ്ട്രീയമുതലെടുപ്പിന് ബി.ജെ.പിയും കോൺഗ്രസും നീക്കം നടത്തുന്നുവെന്ന വിലയിരുത്തലിൽ,അതിന് തടയിടാൻ വിപുലമായ പ്രചരണത്തിന് സി.പി.എമ്മും ഇടതുമുന്നണിയും തയാറെടുക്കുന്നു. ഇതിനായി നാളെ അടിയന്തരമായി ഇടതുമുന്നണി യോഗം വിളിച്ചു. ശബരിമല വിധിയെ വിശ്വാസികളുടെ വൈകാരിക പ്രശ്നമാക്കി മദ്ധ്യതിരുവിതാംകൂറിൽ ഹിന്ദു ധ്രുവീകരണത്തിന് ആർ.എസ്.എസ് ശ്രമിക്കുന്നുവെന്നതും വിശ്വാസി-അവിശ്വാസി പ്രശ്നമായി മാറ്റുന്നുവെന്നുമുള്ള തിരിച്ചറിവിലാണ് ഇതിനെ മറികടക്കാനും കോടതിവിധിയുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്താനുമായി ഇടതുമുന്നണിയുടെ നീക്കം.
അതേസമയം, വിധി വന്ന തുടക്കത്തിലേ ശബരിമലയുമായി ബന്ധപ്പെട്ടവരുമായി കൃത്യമായ ആശയവിനിമയം നടത്തുന്നതിൽ പാളിച്ചയുണ്ടായെന്ന സ്വയംവിമർശനവും സി.പി.എമ്മിലുണ്ട്. ഇന്നലെ രാവിലെ പാർട്ടിയുടെ അവെയ്‌ലബിൾ സെക്രട്ടേറിയറ്റ് സ്ഥിതിഗതികൾ വിലയിരുത്തി.വൈകിട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി എ.കെ.ജി സെന്ററിൽ സി.പി.എം നേതൃത്വം ചർച്ച നടത്തി.
സ്ഥിതി കൈവിട്ട് പോകാതിരിക്കാനുള്ള നീക്കമെന്ന നിലയിലാണ് വർഗ,ബഹുജന സംഘടനകളെയാകെയും ഇടത് ഘടകകക്ഷികളെയും അണിനിരത്തിയുള്ള പ്രചാരണത്തിന് തയാറെടുക്കുന്നത്. എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം സർക്കാരിനും പാർട്ടിക്കും ആശ്വാസം പകരുന്നതായി.കോടതിവിധി സർക്കാരിന് നടപ്പാക്കാതിരിക്കാനാവില്ല. അതിന്റെ പ്രായോഗിക പ്രശ്നങ്ങൾ വൈകാതെ സർക്കാരും ദേവസ്വംബോർഡും ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യാനാണ് തീരുമാനം. തന്ത്രി കുടുംബം, പന്തളം രാജകുടുംബം എന്നിവരെയെല്ലാം സ്ഥിതി ബോദ്ധ്യപ്പെടുത്താനുള്ള ശ്രമം തുടരും.സാമാന്യജനങ്ങളെയും ബോദ്ധ്യപ്പെടുത്തണം.ബി.ജെ.പിയുടെ മുതലെടുപ്പ് ജനം തിരിച്ചറിയുമെന്ന് നേതൃത്വം കരുതുന്നുണ്ട്. അതിന് വേണ്ടി കൂടിയാണ് പ്രചാരണപരിപാടികൾ. ഡി.വൈ.എഫ്.ഐ ഈ മാസം 13 മുതൽ ഒരാഴ്‌ച സംസ്ഥാനത്ത് നവോത്ഥാന സദസ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മഹിളാ അസോസിയേഷന്റെ കാമ്പെയിനും ഇന്നലെ നടന്നു. പന്തളം രാജകുടുംബം ഇടതുപക്ഷവുമായി ബന്ധമുള്ളവരായതിനാൽ തന്നെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താനാവുമെന്ന പ്രതീക്ഷയുണ്ട്.