പാരീസ് : ഫ്രഞ്ച് ഫുട്ബാൾ മാഗസിന്റെ ഈ വർഷത്തെ മികച്ച താരത്തിനുള്ള ബാൾ ഓൺ ഡി ഓർ പുരസ്കാരത്തിനുള്ള 30 അംഗ നോമിനേഷൻ ലിസ്റ്റ് പുറത്തു വന്നതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂക്കാ മൊഡ്രിച്ചും തമ്മിലുള്ള മറ്റൊരു പോരാട്ടത്തിന് കൂടി കളമൊരുങ്ങുന്നു. ഫിഫയുടെ മികച്ച ഫുട്ബാളർക്കുള്ള ബെസ്റ്റ് പുരസ്കാരം ക്രിസ്റ്റ്യാനോയെ മറികടന്ന് മൊഡ്രിച്ചാണ് നേടിയിരുന്നത്. ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ചതും റയലിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയതുമാണ് മൊഡ്രിച്ചിന് ഫിഫ പുരസ്കാരം നേടാൻ തുണയായത്. ബാൾ ഓൺഡി ഓർ കഴിഞ്ഞ രണ്ട് തവണയും നേടിയത് ക്രിസ്റ്റ്യാനോയാണ്. ആകെ അഞ്ച് തവണ ക്രിസ്റ്റ്യാനോ പുരസ്കാരം നേടിയിട്ടുണ്ട്. സ്പാനിഷ് ലാലിഗയിലെയും ചാമ്പ്യൻസ് ലീഗിലെയും ഗോളടിയാണ് ക്രിസ്റ്റ്യാനോയുടെ പ്ളസ് പോയിന്റ്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട 30 അംഗ പട്ടികയിൽ ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസിയും ലിവർ പൂളിന്റെ മുഹമ്മദ് സലായും അടക്കമുള്ളവരും ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ പത്തു പേരുടെ പട്ടിക പുറത്തുവിട്ടപ്പോൾ മെസി ഇല്ലായിരുന്നു. മെസിയുടെയും ക്രിസ്റ്റ്യാനോയുടെയും ഒരു പതിറ്റാണ്ടിന്റെ കുത്തക അവസാനിപ്പിച്ചാണ് ഫിഫ അവാർഡിൽ മൊഡ്രിച്ച് താരമായത്. ഫിഫ അവാർഡ് പട്ടികയിൽ സലാ മൂന്നാം സ്ഥാനത്തായിരുന്നു.
ഇവരെ കൂടാതെ റയലിന്റെ ഗാരേത്ത് ബെയ്ൽ, കരിം ബെൻസേമ, റാഫേൽ വരാനെ, ഇസ്കോ, മാഴ്സെലോ, സെർജിയോ റാമോസ് എന്നിവരും സാദ്ധ്യതാ ലിസ്റ്റിലുണ്ട്. ലോക കപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ പ്ളേ മേക്കർ കെവിൻ ഡിബ്രുയാൻ, ലോകകപ്പ് ജേതാക്കളായ ഫ്രാൻസിന്റെ അന്റോണിയോ ഗ്രീസ്മാൻ, കൈലിയാൻ എംബാപ്പെ, എൻഗോളോ കാന്റേ, പോൾ പോഗ്ബ എന്നിവരും ലിസ്റ്റിലുണ്ട്. ഇംഗ്ളണ്ടിന്റെ ഹാരികേൻ, ചെൽസിയുടെ ഏദൻ ഹസാഡ്, മാഞ്ചസ്റ്റർ സിറ്റിയുടെ സെർജി അഗ്യൂറോ, ബാഴ്സലോണയുടെ ലൂയിസ് സുവാരേസ്, പി.എസ്.ജിയുടെ എഡിൻസൺ കവാനി എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു. മരിയോ മൻസൂക്കിച്ച്, ടിബോ കൗട്ടോ, അലിസൺ ബെക്കർ, ഹ്യൂഗോ ലോറിസ് തുടങ്ങിയവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ.
ലോകമെമ്പാടുമുള്ള ഫുട്ബാൾ ജേർണലിസ്റ്റുകൾ ചേർന്ന് വോട്ടെടുപ്പിലൂടെയാണ് ജേതാവിനെ നിശ്ചയിക്കുക, ഡിസംബർ മൂന്നിനാണ് വിജയിയെ പ്രഖ്യാപിക്കുക. ഈ വർഷം മുതൽ മികച്ച വനിതാ താരത്തിനും പുരസ്കാരം നൽകും.