ബ്യൂണസ് അയേഴ്സ് : ഇന്ത്യയുടെ കായിക ഭാവിയിലേക്ക് സുവർണ പ്രകാശം വിതറി അർജന്റീനയിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സ്. ഇന്നലെ രണ്ട് സ്വർണമെഡലുകളാണ് ഇന്ത്യ കൗമാര ഒളിമ്പിക്സിൽ നിന്ന് സ്വന്തമാക്കിയത്.പുരുഷൻമാരുടെ ഭാരദ്വഹനത്തിൽ ജെറമി ലാൽ റിന്നുംഗ യൂത്ത് ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയതിന് പിന്നാലെ വനിതാ ഷൂട്ടിംഗ് 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനുഭാക്കറും സ്വർണം നേടുകയായിരുന്നു.
അർജന്റീനയിൽ ഇന്നലെ 15 കാരനായ മിസോറാം ബാലൻ ജെറമി ലാൽരിന്നുംഗ എടുത്തുയർത്തിയത് 274 കി.ഗ്രാം ഭാരം മാത്രമല്ല, 130 കോടിയോളം ഇന്ത്യക്കാരുടെ അഭിമാനം കൂടിയാണ്. യൂത്ത് ഒളിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ചരിത്രമാണ് ബ്യൂണസ് അയേഴ്സിൽ ജെറമി സൃഷ്ടിച്ചത്.
ഇന്നലെ പുരുഷൻമാരുടെ 62 കി.ഗ്രാം ഭാരദ്വഹനത്തിലാണ് ജെറമി സ്വർണമുയർത്തിയത്. സ്നാച്ചിൽ 124 കിലോയും ക്ളീൻ ആൻഡ് ജെർക്കിൽ 150 കിലോയും ഉൾപ്പെടെയാണ് ജെറമി 274 കിലോ ഉയർത്തിയത്. 263 കിലോ ഉയർത്തിയ തുർക്കിയുടെ ടോപ്റ്റാസ് കാനർ വെള്ളിയും 260 കിലോ ഉയർത്തിയ കൊളംബിയയുടെ വിയ്യാർ എസ്റ്റിവൻ ജോസ് വെങ്കലവും നേടി.
ഇന്നലെ മറ്റ് മത്സരാർത്ഥികളെ ബഹുഭൂരം പിന്നിലാക്കിയായിരുന്നു ജെറമിയുടെ സ്വർണമുയർത്തൽ. സ്നാച്ചിലെ ആദ്യ ശ്രമത്തിൽത്തന്നെ ജെറമി 120 കിലോ ഉയർത്തിയിരുന്നു. മറ്റ് മത്സരാർത്ഥികൾ അവസാന ശ്രമത്തിലാണ് 120 കിലോ ഉയർത്താൻ നോക്കിയതു തന്നെ. രണ്ടാമത്തെ ശ്രമത്തിൽ ജെറമി 124 കിലോ ഉയർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാൽ മൂന്നാമത്തെയും അവസാനത്തേതുമായ ശ്രമത്തിൽ ആ ലക്ഷ്യം കാണുകയും ചെയ്തു.
ക്ളീൻ ആൻഡ് ജെർക്കിൽ ആദ്യ ശ്രമത്തിൽ 142 കിലോ വിജയകരമായി ഉയർത്തി. രണ്ടാം ശ്രമത്തിൽ 147 കിലോയ്ക്ക് ശ്രമിച്ചെങ്കിലും തലയ്ക്ക് മുകളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. എന്നാൽ അപ്പോൾത്തന്നെ സ്വർണം ഉറപ്പിച്ചിരുന്നു. മൂന്നാം ശ്രമത്തിൽ 150 കിലോ ഉയർത്തി സ്വർണ നേട്ടം ആഘോഷമാക്കി.16 കാരിയായ മനു ഫൈനലിൽ 236.5 പോയിന്റ് നേടിയാണ് സ്വർണത്തിലെത്തിയത്. റഷ്യയുടെ ലാനയെ നീന വെള്ളിയും ജോർജിയയുടെ നിനോ വെങ്കലവും നേടി.
യൂത്ത് ഒളിമ്പിക്സിന്റെ ആദ്യ ദിനം ഇന്ത്യ മൂന്ന് വെള്ളി മെഡലുകൾ നേടിയിരുന്നു. ഷൂട്ടിംഗിലായിരുന്നു രണ്ട് വെള്ളി മെഡലുകൾ. പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിളിൽ തുഷാർ മാനേയും വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ മെഹുലി ഘോഷുമാണ് വെള്ളികൾ നേടിയത്.വനിതാ ജൂഡോയിൽ തബാബി ദേവിയും വെള്ളിയണിഞ്ഞു. ഒളിമ്പിക് ലെവൽ മത്സരത്തിൽ ലഭിക്കുന്ന ആദ്യ ജൂഡോ മെഡലായിരുന്നു തബാബിയുടേത്.
ഇന്ത്യയുടെ ഭാവി പ്രതീക്ഷകൾ
l ഭാവിയിൽ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ പ്രതീക്ഷകളാണ് 15 കാരനായ ജെറമിയും 16 കാരിയായ മനു ഭാക്കറും.
l ചെറിയ പ്രായത്തിൽത്തന്നെ അന്താരാഷട്ര തലത്തിൽ മെഡലുകൾ വാരിക്കൂട്ടിക്കഴിഞ്ഞിട്ടുണ്ട് ജെറമിയെന്ന മിസോറം കാരൻ.
l ലോക യൂത്ത് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയിട്ടുള്ള ജെറമി കഴിഞ്ഞ വർഷം ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ വെള്ളിയും ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയിരുന്നു.
l ദേശീയ റെക്കാഡ് തിരുത്തിക്കുറിച്ചായിരുന്നു ഏഷ്യൻ മെഡലുകൾ.
l ലോക കപ്പിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയിരുന്ന താരമാണ് മനു.
l യൂത്ത് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയതും മനുവാണ്.
ബെസ്റ്റ് ഇന്ത്യ
യൂത്ത് ഒളിമ്പിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ വേട്ടയ്ക്കാണ് ആദ്യ രണ്ട് ദിനംകൊണ്ട് തന്നെ ബ്യൂണസ് അയേഴ്സ് സാക്ഷ്യം വഹിച്ചിരിക്കുന്നത്.
2014 ലെ നാൻജിംഗ് യൂത്ത് ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടിയതായിരുന്നു ഇതിനു മുമ്പുള്ള മികച്ച പ്രകടനം.