isl-gourav

 

 

 

മുംബയ് : കഴിഞ്ഞ ദിവസം ബംഗ്‌ളുരു എഫ്.സിക്കെതിരായ ഐ.എസ്.എൽ മത്സരത്തിൽ  ഗൗരവ് മുഖി എന്ന യുവതാരം ഗോളടിച്ചപ്പോൾ ഐ.എസ്.എല്ലിൽ  സ്കോർ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നിലയിൽ  ഏറെ ആഘോഷിച്ചത്  ജംഷഡ്പുർ  എഫ്.സിക്കും ഐ.എസ്.എൽ സംഘാടകർക്കും  ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനും ഏറെ തലവേദനയായിരിക്കുകയാണിപ്പോൾ.  ജാർഖണ്ഡുകാരനായ ഗൗരവിന്റെ  യഥാർത്ഥ പ്രായം 16 വയസ് അല്ലെന്ന  വെളിപ്പെടുത്തലുകളാണ് വിവാദമായിരക്കുന്നത്.

വിവാദം ഇങ്ങനെ

കഴിഞ്ഞ ഞായറാഴ്ചയാണ് ജംഷഡ്പുരും  ബംഗ്‌ളൂരു എഫ്.സിയും തമ്മിലുള്ള മത്സരം നടന്നത്.  ഇതിൽ പകരക്കാരനായി ഇറങ്ങിയ ഗൗരവ് മുഖിയാണ് ജംഷഡ്പൂരിന്റെ  ആദ്യ ഗോൾ നേടിയത്.  ക്ളബിന്റെ  ഔദ്യോഗിക  രേഖകളിൽ  ഗൗരവിന്റെ  പ്രായം 16 വയസെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  അതനുസരിച്ച് ഐ.എസ്.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോളിന്റെ ഉടമസ്ഥാവകാശം  ഗൗരവിനായി.  സോഷ്യൽ  മീഡിയയിലൂടെയും മറ്റും ഇത് ഔദ്യോഗികമായി ആഘോഷിക്കപ്പെടുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് വിവാദവും ഉയർന്നത്. 2015 ലെ ദേശീയ  അണ്ടർ 15 ചാമ്പ്യൻഷിപ്പിൽ  ജാർഖണ്ഡിന് വേണ്ടി കളിച്ചിരുന്ന താരമാണ് ഗൗരവ്.  അന്ന് ഫൈനലിൽ ഗോവയെ  8-3 ന്  തോൽപ്പിച്ച്  ജാർഖണ്ഡ് കിരീടം  നേടിയിരുന്നു.  എന്നാൽ ഗൗരവ്  ഉൾപ്പെടെ  അഞ്ചു താരങ്ങൾ പ്രായപരിധി കഴിഞ്ഞവരാണെന്ന്  കണ്ടെത്തി ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ജാർഖണ്ഡിന്റെ  കിരീടം തിരിച്ചെടുത്തിരുന്നു. അഞ്ച് താരങ്ങൾക്കും വിലക്കും വിധിച്ചിരുന്നു.മൂന്ന് കൊല്ലം മുമ്പ് 15 വയസ് കഴിഞ്ഞിരുന്ന ഗൗരവ് ഇപ്പോൾ എങ്ങനെ 16 കാരനായി എന്ന ചോദ്യമാണ് ഇതോടെ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന് നേരിടേണ്ടിവന്നത്.

വിശദീകരണം വിനയായി

പ്രായ വിവാദമുയർന്നതിനെച്ചൊല്ലി വിശദീകരണവുമായി ഇന്നലെ ആൾ ഇന്ത്യ ഫെഡറേഷൻ  രംഗത്തുവന്നത് കൂടുതൽ കുഴപ്പമായി. 2015ൽ ഗൗരവ് നൽകിയിരുന്ന ജനന സർട്ടിഫിക്കറ്റിൽ  ജനനത്തീയതി 4.5.1999 എന്നാണ് രേഖപ്പെടുത്തിയിരുന്നതെന്നും എന്നാൽ ഇപ്പോൾ നൽകിയിരിക്കുന്ന  ജനന സർട്ടിഫിക്കറ്റിൽ  4.5.2002 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും  വിശദീകരണക്കുറിപ്പിൽ  പറയുന്നു.  സെൻടിൽ  രജിസ്ട്രേഷനായി നൽകിയ  പുതിയ ജനന സർട്ടിഫിക്കറ്റ് അനുസരിച്ചാണ് പ്രായം 16 ആയി കണക്കിലെടുത്തത് എന്നും എ.ഐ.എഫ്.എഫ് അറിയിച്ചു.

ഇതോടെ പ്രായത്തട്ടിപ്പിന്  ഫെഡറേഷൻ കളമൊരുക്കിയിരിക്കുകയാണെന്ന് ആരോപണമുയർന്നിരിക്കുകയാണ്. ജനനസർട്ടിഫിക്കറ്റുകളിൽ വ്യത്യസ്ത തീയതികൾ നൽകിയതിന് താരത്തിനെതിരെ  നടപടി എടുക്കേണ്ടതിന് പകരം അതിന് വളം വയ്ക്കുകയാണ് ഫെഡറേഷൻ എന്നാണ് ആരോപണം.

ഉത്തരേന്ത്യയിൽ സാധാരണം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കായിക മത്സരങ്ങളിൽ  പ്രായപരിധി കഴിഞ്ഞ താരങ്ങളെ ഇറക്കുന്നത് സറർവ സാധാരണമാണ്. പലർക്കും കൃത്യമായ  ജനന രേഖകൾ ഇല്ലാത്തതിനാൽ വ്യാജ സർട്ടിഫിക്കറ്റുകളുടെ ബലത്തിലാണ് ഈ തട്ടിപ്പ്. ദേശീയ ജൂനിയർ ചാമ്പ്യൻ ഷിപ്പുകളിൽ  കട്ടമീശയും താടിയുമൊക്കെയായി ഉത്തരേന്ത്യൻ താരങ്ങൾ മെഡൽ വാരിക്കൂട്ടുന്നത്  പതിവാണ്.

ഗൗരവിന്റെ ഭാവി

ഐ.എസ്.എൽ ഏജ് കാറ്റഗറി മത്സരമല്ലാത്തതിനാൽ ഗൗരവിന്  തുടർന്നും  കളിക്കാം. എന്നാൽ കൃത്യമായ ജനനരേഖ ഹാജരാക്കാനോ  മെഡിക്കൽ  പരിശോധനയിലൂടെ പ്രായം  തെളിയിക്കാനോ  ഫെഡറേഷന്  ആവശ്യപ്പെടാം.  ഏജ് ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ ഇത് നിർബന്ധമാണ്. പ്രായത്തട്ടിപ്പിൽപ്പെട്ടതിനാലാണ് ഗൗരവിന്  അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ കളിക്കാനാകാതെ പോയത്.