nun

 പത്തനാപുരം: കന്യാസ്ത്രീയെ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഒരുമാസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ദുരൂഹത സംബന്ധിച്ച സംശയങ്ങൾ തീ‌‌‌‌‌‌‌‌‌‌‌‌‌‌‌ർക്കേണ്ട പൊലീസാകട്ടെ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. കഴിഞ്ഞ സെപ്തംബർ ഒൻപതിനാണ് പത്തനാപുരം മൗണ്ട് താബോർ ഗേൾസ് ഹൈസ്കൂളിലെ അദ്ധ്യാപികയായ സിസ്റ്റർ സൂസമ്മയെ (56) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കന്യാസ്ത്രീ താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിലും കെട്ടിടത്തിന്റെ സമീപത്തും മൃതദേഹം കണ്ട കിണറിന്റെ തൂണുകളിലും രക്തക്കറകൾ കണ്ടതാണ് സംശയത്തിന് ഇടനൽകിയത്. ഇരു കൈത്തണ്ടകളിലും ആഴത്തിലുള്ള മുറിവുകളും ഉണ്ടായിരുന്നു.

കൂടാതെ ഇവരുടെ തലമുടി മുറിച്ച നിലയിലായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന് പറയുമ്പോഴും അതിനുള്ള കാരണം കണ്ടെത്താൻ അന്വേഷണ സംഘത്തിനായിട്ടില്ല. മഠത്തിലെ 44 കന്യാസ്ത്രീകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കിടപ്പ് മുറിയിൽ നിന്ന് 30 മീറ്റർ അപ്പുറമുള്ള കിണറിനടുത്തേക്ക് ചോരവാർന്ന നിലയിൽ ഗുളിക കഴിച്ച് അബോധാവസ്ഥയിൽ എങ്ങനെ എത്തിയെന്ന ചോദ്യമാണ് പൊലീസിനെ കുഴപ്പിക്കുന്നത്.