ചേർത്തല: കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെയും പിതൃസഹോദര ഭാര്യയെയും ഫോർട്ട് കൊച്ചിയിൽ നിന്ന് പൊലീസ് പിടികൂടി. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്. ഫോർട്ട് കൊച്ചിക്ക് സമീപത്തെ വീട്ടിൽ കഴിയുകയായിരുന്നു ഇരുവരും.
ഇരുവരും ബീച്ചിൽ നടക്കുന്നതിനിടെ ചിലർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കഴിഞ്ഞ രണ്ടിനാണ് ഇരുവരെയും കാണാതായത്. കണ്ണൂർ, കോട്ടയം, പീരുമേട് എന്നിവിടങ്ങളിൽ സഞ്ചരിച്ച ശേഷമാണ് തിരികെ എറണാകുളത്തെത്തിയത്.
കടപ്പുറത്തെത്തിയ ഇവർ മരിക്കാൻ തയ്യാറെടുക്കവേയാണ് പ്രദേശവാസികളുടെ കണ്ണിൽപെടുന്നതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ കാണാതായത് സംബന്ധിച്ച് കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നതിനാൽ ഇരുവരെയും ആദ്യം കടവന്ത്ര സ്റ്റേഷനിൽ എത്തിച്ച ശേഷം ഇന്നലെ രാത്രിയോടെ മാരാരിക്കുളം പൊലീസിന് കൈമാറി. വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയതിന് യുവതിയെ പ്രതിയാക്കി കേസെടുത്തു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിദ്യാർത്ഥിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കും.