കാസർകോട്: രക്തംകൊണ്ട് കയ്യൊപ്പ് ചാർത്തിയ ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് കേന്ദ്ര സർവകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻഷിപ്പ് രണ്ടാംവർഷ വിദ്യാർത്ഥിയായ തൃശൂരിലെ കെ. അഖിൽ (24) ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തെതുടർന്ന് അടച്ച കേന്ദ്ര സർവകലാശാല തുറക്കാൻ വൈകും. വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാവുകയും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കുറേ നാളത്തേക്ക് ക്യാമ്പസ് തുറക്കേണ്ടതില്ലെന്ന നിലപാടിലാണ് സർവകലാശാല അധികൃതർ. അതേസമയം സർവകലാശാല അധികൃതർക്കെതിരായ പ്രക്ഷോഭം എസ്.എഫ്.ഐ നേതൃത്വം ഏറ്റെടുത്ത് സംസ്ഥാന തലത്തിൽ സമരത്തിന് ഒരുക്കങ്ങൾ നടന്നുവരുന്നുണ്ട്.
വിദ്യാർത്ഥിയുടെ ആത്മഹത്യാ ശ്രമം സംബന്ധിച്ച് പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്നും പറയുന്നു. വിദ്യാർത്ഥിയുടെ ജീവന് ഭീഷണിയുണ്ടാക്കുന്ന വിധം മുറിവ് ഗുരുതരമല്ലാത്തതിനാൽ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസ് നിഗമനം. അതുകൊണ്ടുതന്നെ ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിയിൽ നിന്നും പൊലീസ് മൊഴിയൊന്നും എടുത്തിട്ടുമില്ല. എന്നാൽ വിദ്യാർത്ഥി എഴുതിവച്ച ആത്മഹത്യാ കുറിപ്പിൽ അധികൃതരുടെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തിയിട്ടുണ്ട്. അതിനാൽ സർവകലാശാല അധികൃതർക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണം എന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ, എ.ഐ.വൈ.എഫ് തുടങ്ങിയ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ സെൻട്രൽ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ വെച്ചാണ് കൈ ഞരമ്പ് മുറിച്ച് അഖിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. മറ്റു വിദ്യാർത്ഥികൾ ഗ്രൗണ്ടിൽ കളിക്കാനെത്തിയപ്പോഴാണ് രക്തം വാർന്നൊഴുകി അഖിലിനെ അവശ നിലയിൽ കണ്ടത്. സഹപാഠികൾ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂണിവേഴ്സിറ്റി വിസിയെയും മറ്റും വിമർശിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന് ഇക്കഴിഞ്ഞ സെപ്തംബർ ആറിന് അഖിലിനെ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് 18 ന് എം.പി, എം.എൽ.എ, വി.സി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ അഖിലിനെ തിരിച്ചെടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇതിനുശേഷം അഖിൽ കാമ്പസിൽ കയറുന്നത് വിലക്കിക്കൊണ്ട് അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ ദിവസം കാമ്പസിലെത്തിയപ്പോൾ ഈ ഉത്തരവ് കാണിച്ച് സെക്യൂരിറ്റി ജീവനക്കാരൻ അഖിലിനെ അകത്തേക്ക് പ്രവേശിപ്പിക്കുന്നത് തടഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി ഏഴ് മണി വരെ വി.സി ഉൾപ്പടെയുള്ളവരെ വിദ്യാർത്ഥികൾ ഉപരോധിച്ചിരുന്നു. ബേക്കൽ എസ്.ഐ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സന്നാഹവും സർവകലാശാലയിൽ ഉണ്ടായിരുന്നു. വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചത് കോളേജ് അധികൃതരുടെ കടുത്ത പീഡനം മൂലമാണെന്ന് സഹപാഠികൾ ആരോപിച്ചു.