തിരുവനന്തപുരം: കൈയും കാലുകളും തല്ലിയൊടിച്ച് യുവാവിനെ വഴിയിൽ തള്ളി. മെഡിക്കൽ കോളേജിന് സമീപം ഐത്തിക്കോണം സ്വദേശിയായ വിനീതിനെയാണ് (26) രണ്ടംഗ അക്രമി സംഘം മർദ്ദിച്ച് അവശനാക്കി വഴിയിൽ തള്ളിയത്. ഇന്നലെ വൈകുന്നേരം ഐത്തിക്കോണം കോളനിയ്ക്ക് സമീപമായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പറയപ്പെടുന്നു.
കഞ്ചാവ് ബീഡി വലിച്ചതിന് വിനീതിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് തൊട്ടുപിന്നാലെയാണ് കോളനിക്ക് സമീപത്ത് വച്ച് പ്രദേശവാസികളും നിരവധി കേസുകളിൽ പ്രതികളുമായ രണ്ടംഗ സംഘം ആക്രമിച്ചത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.