കഴക്കൂട്ടം: ബർമുഡ ധരിച്ച് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയ വിദ്യാർത്ഥിക്ക് അകത്ത് കടക്കാൻ കഴിയാതെ വന്നപ്പോൾ ഡി.വൈ.എഫ്.ഐ നേതാവ് മുണ്ടുരിഞ്ഞ് നൽകി വോട്ട് ചെയ്യിച്ചു. ഇന്നലെ തുമ്പ സെന്റ് സേവിയേഴ്സ് കോളേജിൽ നടന്ന തിരഞ്ഞെടുപ്പിലാണ് സംഭവം. പൊതു തിരഞ്ഞെടുപ്പിന്റെ ആവേശത്തെ വെല്ലുന്ന പ്രകടനമാണ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പ്രകടമായത്. വോട്ട് ചെയ്യാൻ വരാതെ വീടുകളിൽ തങ്ങിയ സഹപാഠികളെ കോളേജിലെത്തിച്ച് വോട്ട് ചെയ്യിക്കാൻ പ്രധാന സംഘടനകൾ മുന്നിട്ടിറങ്ങി.
ഒരു വിദ്യാർത്ഥി തുണികൾ അലക്കാനിട്ടിരിക്കെയാണെന്ന് പറഞ്ഞ് വീട്ടിൽ തങ്ങി. പ്രവർത്തകർ നിർബന്ധിച്ചപ്പോൾ ബർമുഡ ധരിച്ച് എത്തിയെങ്കിലും വോട്ടെടുപ്പിന് കോളേജിൽ പ്രവേശിക്കാനായില്ല. ബർമുഡ ധരിച്ചുള്ള പ്രവേശനം തടഞ്ഞതിനാലാണ് നേതാവ് ഉടുമുണ്ടഴിച്ച് വിദ്യാർത്ഥിക്ക് നൽകിയത്. ബർമുഡ ഊരി വാങ്ങി നേതാവും ധരിച്ചു.