തിരുവനന്തപുരം: ഫേസ് ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹം ചെയ്ത ശേഷം മുങ്ങിയ കേസിൽ വഞ്ചിയൂർ പൊലീസ് പിടിയിലായ പാലക്കാട് പട്ടാമ്പി സ്വദേശി കൃഷ്ണൻകുട്ടിയെന്ന മധു (42) തട്ടിപ്പ് വീരൻ. തിരുവനന്തപുരം പളളിച്ചൽ സ്വദേശിയായ സ്ത്രീയിൽ നിന്ന് രണ്ടരലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിൽ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് വിവാഹ തട്ടിപ്പുകളുടെ ചുരുളഴിഞ്ഞത്.
തിരുവനന്തപുരത്ത് ഒരു സ്ഥാപനത്തിലെ ജീവനക്കാരിയും വിധവയുമായ യുവതിയുടെ പരാതിയാണ് മധുവിനെ കുടുക്കിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഇയാൾ വിവാഹ വാഗ്ദാനം നൽകിയാണ് യുവതിയെ പ്രലോഭിപ്പിച്ചത്. നഗരത്തിലെ ഒരു ക്ഷേത്രത്തിലെത്തി പരസ്പരം മാല ചാർത്തി വിവാഹം നടത്തിയ ശേഷം ഇയാൾ അവരുടെ പക്കലുണ്ടായിരുന്ന ആഭരണങ്ങൾ തന്ത്രപൂർവ്വം പലപ്പോഴായി കൈക്കലാക്കി. ചിട്ടിപിടിച്ച വകയിൽ യുവതിയ്ക്ക് ലഭിച്ച രണ്ട് ലക്ഷത്തോളം രൂപ ബുള്ളറ്ര് വാങ്ങിപ്പിച്ചശേഷം ഇയാൾ അതുമായി കടന്നു. ഫോണിലൂടെയും മറ്റും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഏതാനും മാസങ്ങൾക്ക് ശേഷം മറ്രൊരുയുവതിയുമായി വിവാഹം ചെയ്തതായി ഫേസ് ബുക്കിൽ ഇയാളുടെ ഫോട്ടോ കണ്ടെത്തിയ യുവതി പരാതിയുമായി വഞ്ചിയൂർ പൊലീസിനെ സമീപിച്ചതോടെയാണ് വിവാഹതട്ടിപ്പുവീരൻ കുടുങ്ങിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ഇന്നലെ റിമാൻഡ് ചെയ്തു.