ശിവഗിരി: ശ്രീനാരായണഗുരു തീർത്ഥാടന സർക്യൂട്ടിന് 99.90 കോടി രൂപ അനുവദിച്ച കേന്ദ്രസർക്കാരിനെ മഹാസമാധി നവതി ആചരണകമ്മിറ്റി യോഗം അഭിനന്ദിച്ചു. ശിവഗിരിമഠം, കുന്നുംപാറക്ഷേത്രം, ചെമ്പഴന്തി ഗുരുകുലം എന്നിവയുടെ വികസനത്തിനാണ് പ്രധാനമായും കേന്ദ്ര ടൂറിസം വകുപ്പ് തുക അനുവദിച്ചത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ശിവഗിരി സന്ദർശിച്ചപ്പോൾ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, നവതി ആചരണകമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി വിശാലാനന്ദ, എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവർ നൽകിയ നിവേദനത്തിന്റെയും പ്രോജക്ടിന്റെയും അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള സംഘം നവതി ആചരണത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കാൻ ചെന്നപ്പോൾ പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ടൂറിസം മന്ത്റി അൽഫോൺസ് കണ്ണന്താനത്തിന് അതിനായി പ്രധാനമന്ത്രി നിർദ്ദേശവും നൽകി.
നവതി ആചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ശിവഗിരിയിലെത്തുന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഫണ്ട് അനുവദിച്ച വിവരം പ്രഖ്യാപിക്കുമെന്ന് കരുതുന്നു. അരുവിപ്പുറം മഠത്തിന് 21.50 കോടി, കുന്നുംപാറ ക്ഷേത്രത്തിന് 14 കോടി, ചെമ്പഴന്തി ഗുരുകുലത്തിന് 15.40 കോടി, ശിവഗിരി മഠത്തിന് 49 കോടി എന്നിങ്ങനെയാണ് പ്രോജക്ട്.
തുഷാർ വെള്ളാപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ നടന്ന അവലോകനയോഗം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്തു. ജനറൽസെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, അജി .എസ്.ആർ.എം, സുന്ദരൻ കൊല്ലം, ഡി. പ്രേംരാജ്, എം.ബി. ശ്രീകുമാർ, ലതീഷ് അടിമാലി, കിരൺചന്ദ്, അഡ്വ. സിനിൽ മുണ്ടപ്പള്ളി, മേടയിൽ വിജീഷ്, വേണു കാരണവർ എന്നിവർ സംസാരിച്ചു.