കാട്ടാക്കട: നെയ്യാറിന്റെ മാസ്മരിക സൗന്ദര്യമൊക്കെ മാഞ്ഞു തുടങ്ങി. സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കാതെ ഈ ടൂറിസ്റ്റ് കേന്ദ്രത്തെ സാവധാനം മരിക്കാൻ വിടുന്നതായാണ് തോന്നുന്നത്. നെയ്യാർ ഇക്കോ ടൂറിസം കടുത്ത അവഗണനയും പ്രതിസന്ധിയുമാണ് നേരിടുന്നത്. അടുത്തിടെ ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടും വരുമാനം വർദ്ധിപ്പിക്കാനായില്ല. അധികൃതരുടെ അനാസ്ഥയാണ് ടൂറിസം പദ്ധതികൾ തകരാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. വിനോദ സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാന സൗകര്യം പോലും ഇവിടെയില്ല. ആദിവാസികളും പ്രദേശവാസികളും ഉൾപ്പെട്ട നെയ്യാറിൽ ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികൾ തിരഞ്ഞെടുത്ത 7 വനവാസികളും പൊതു വിഭാഗത്തിൽ നിന്നു 12 പേരുമാണ് നെയ്യാർ ഇക്കോ ടൂറിസത്തിൽ ജോലി നോക്കുന്നത്. എന്നാൽ ഇ.ഡി.സിയിൽ ഉള്ള ജീവനക്കാരെ മാറ്റി ഇതുമായി ബന്ധമില്ലാത്തവരെ നിയമിച്ചതായി പരാതികളും ഉണ്ട്. പലതരത്തിൽ നെയ്യാറിന്റെ ടൂറിസം സാദ്ധ്യതകളെ അവഗണിക്കുന്ന നിലപാട് അവസാനിപ്പിച്ചില്ലെങ്കിൽ നെയ്യാറിന്റെ ടൂറിസം സാദ്ധ്യതകൾക്ക് മങ്ങലേൽക്കുമെന്നത് തീർച്ചയാണ്.
തോണി അക്കരത്തന്നെ
വനം വകുപ്പിന്റെ കീഴിലുള്ള ബോട്ട് ഒരെണ്ണം ഒഴികെ മറ്റുള്ളവ മിക്കപ്പോഴും കരയ്ക്ക് തന്നെയാണ്. പലതിനും ഫിറ്റ്നസ് ഇല്ലെന്നതാണ് വസ്തുത. മുൻപ് പുതിയ ബോട്ടിനായി 30 ലക്ഷം രൂപ കമ്പനിക്ക് നൽകിയെങ്കിലും പുതിയ ബോട്ട് എത്തിയിട്ടില്ല. ലയൺ സഫാരി പാർക്കിലേക്കുള്ള മൂന്നു വാഹനങ്ങൾ ഉള്ളതിൽ ഒന്ന് കണ്ടം ചെയ്യാൻ മാറ്റി. മറ്റൊന്നാകട്ടെ കാലപ്പഴക്കത്താൽ നശിച്ചു. ഒന്ന് ഏതു നിമിഷവും വഴിയിലാകുന്ന അവസ്ഥയിലുമാണ്. ഇക്കാരണത്താൽ സഞ്ചാരികളുടെ വരവും കുറഞ്ഞു.
വാർദ്ധക്യം ബാധിച്ചു
ലയൺ സഫാരി പാർക്കിൽ പ്രായമായ രണ്ടു പെൺസിംഹങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. പലപ്പോഴും ഇവ കൂട്ടിലായതിനാൽ കാണാനും പ്രയാസമാണ്. പുതിയ സിംഹങ്ങളെ എത്തിക്കുമെന്നും പാർക്ക് കൂടുതൽ ആകർഷകമാക്കുമെന്നുമൊക്കെ പറയുന്നുണ്ടെങ്കിലും ഒന്നും നടന്നില്ല. നെയ്യാറിലെ ബോട്ട് സർവീസും ലയൺ സഫാരി പാർക്കും സഞ്ചാരികളിൽ നിന്നകന്നതോടെ വനം വകുപ്പിന് കിട്ടേണ്ട വരുമാനവും നിലച്ചു. വർഷം തോറും കോടികളാണ് വനം വകുപ്പിനായി ചെലവഴിക്കുന്നത്. എന്നാൽ സഞ്ചാരികൾക്ക് ഏറെ ആകർഷണവും വകുപ്പിന് ഏറെ വരുമാനവും നേടിക്കൊടുക്കുന്ന സംവിധാനങ്ങളും ലഭ്യമാക്കാൻ വനം വകുപ്പിനും കഴിയുന്നില്ല. ഇതിനിടയിൽ അഗസ്ത്യ ചീങ്കണ്ണി പാർക്കും മാൻ പാർക്കും മാത്രമാണ് സഞ്ചാരികൾക്ക് ചെറിയ ആശ്വാസം പകരുന്നത്.
പരാതിയും പരിഭവവും
കൂടാതെ നെയ്യാറിലെ ടിക്കറ്റ് സംവിധാനത്തെക്കുറിച്ചും വിതരണത്തെക്കുറിച്ചും നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ട്. ആള് കൂടുമ്പോൾ ടിക്കറ്റിന്റെ എണ്ണം കുറയുന്നതായും വേണ്ടപ്പെട്ടവർ എത്തുമ്പോൾ സഞ്ചാരികൾക്കൊപ്പം ടിക്കറ്റ് നൽകാതെ കയറ്റി വിടുന്നതായും പരാതിയുണ്ട്. സഞ്ചാരികൾ എത്തുമ്പോൾ ബോട്ടിംഗ് സമയം കൃത്യമായി അറിയാതിരിക്കാൻ കൗണ്ടറിന് മുന്നിൽ വൈകുന്നേരത്തെ സമയം മായ്ച്ചു കളഞ്ഞിരിക്കുകയാണ്. ഇതു ജീവനക്കാർക്ക് നേരത്തേ മടങ്ങാൻ വേണ്ടി ചെയ്തതാണെന്ന ആരോപണവുമുണ്ട്. അഞ്ചു മണിവരെ ബോട്ടിംഗിന് ആളെ വിട്ടാൽ മണിക്കൂർ കഴിഞ്ഞു തിരികെ കരയ്ക്ക് എത്തും വരെ ജീവനക്കാർ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഇതെന്നാണ് സംസാരം. ഇതൊക്കെ മറികടക്കാൻ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം കൊണ്ടുവന്നാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് എല്ലാവരുടെയും അഭിപ്രായം.