കല്ലമ്പലം: വളരെ മികവോടെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന അംഗൻവാടിയിൽ കുടിവെള്ളത്തിനായി നെട്ടോട്ടം. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡായ കോട്ടറക്കോണത്ത് പ്രവർത്തിക്കുന്ന എഴുപത്തിആറാം നമ്പർ അംഗൻവാടിക്കാണ് ഈ ദുർഗതി. പതിനഞ്ചോളം കുട്ടികളും, വർക്കറും, ഹെൽപ്പറും കുടിക്കുന്നതിനും, പാചകം ചെയ്യുന്നതിനും, മറ്റു പ്രാഥമിക ആവശ്യങ്ങൾക്കും വെള്ളം സമീപത്തുള്ള വീടുകളിൽ നിന്നുമാണ് ശേഖരിക്കുന്നത്. ഓരോ കുടം വെള്ളം ഓരോ വീട്ടിൽ നിന്നും എടുക്കും. കടുത്ത വേനലിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമായതിനാൽ വേനലിൽ ആരും വെള്ളം കൊടുക്കില്ല. മാത്രവുമല്ല അംഗൻവാടിയിലേക്ക് വെള്ളം എടുക്കുമെന്ന് കരുതി. തോട്ടിയും, കയറും, കപ്പിയുമൊക്കെ ഊരി മാറ്റിവയ്ക്കുന്ന വീടുകളും സമീപത്തുണ്ട്.
കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവരുന്ന വെള്ളമാണ് കുടിക്കുന്നത്. പ്രവർത്തന മികവുകൊണ്ട് അംഗൻവാടി അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കിണറില്ലെന്ന ഒറ്റ കാരണം കൊണ്ട് പിന്തള്ളപ്പെട്ടു. സിന്ധു എന്ന ഒരേ പേരിലുള്ള വർക്കറും, ഹെൽപ്പറും പേരുപോലെത്തന്നെ ഒരുമയോടെ കുട്ടികളെ നോക്കുകയും, പരിചരിക്കുകയും ചെയ്യുന്നതിനാൽ മറ്റൊരു പരാതിയും ഈ അംഗൻവാടിയെക്കുറിച്ച് നാട്ടുകാർക്കില്ല. പഞ്ചായത്തിലെ ഇരുപത്തി ഒന്ന് അംഗൻവാടികൾ ഇപ്പോഴും പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. അവിടെയൊക്കെ കിണറും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഉറപ്പു വരുത്തിയ അധികൃതർ പഞ്ചായത്തിന്റെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ അംഗൻവാടിക്ക് ഒരു കിണർ നിർമ്മിച്ചു നൽകണമെന്ന് പ്രദേശവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നു.