നെയ്യാറ്റിൻകര: ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ് കോളേജിൽ ഇന്ന് നാഷണൽ അസെസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ നടത്താനിരുന്ന പരിശോധന റദ്ദാക്കി. കോളേജിൽ നിരന്തരമായുണ്ടായ എ.ബി.വി.പി - എസ്.എഫ്.ഐ സംഘർഷത്തെ തുടർന്ന് ചില വിദ്യാർത്ഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നതിൽ നിന്നും കൗൺസിൽ പിന്മാറിയതെന്നാണ് വിവരം. കോളേജ് മാനേജ്‌മെന്റ് അവസാനഘട്ട തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് പരിശോധന റദ്ദാക്കിയതായി നാക് പരിശോധനാസംഘം അറിയിച്ചത്. എന്നാൽ നാക് കൗൺസിൽ വിദ്യാർത്ഥികളുടെ പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കുകയോ കോളേജ് അധികൃതരോട് വിശദീകരണം ചോദിക്കുകയോ ചെയ്‌തിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷത്തെ ശ്രമഫലമായാണ് ധനുവച്ചപുരം കോളേജിന് നാക് അക്രിഡറ്റേഷൻ ലഭ്യമാക്കാനുള്ള നടപടി പൂർത്തിയാക്കിയത്. അതേസമയം വിദ്യാർത്ഥി സംഘർഷം കാരണം കോളേജിന് നാക് അക്രഡിറ്റേഷൻ നൽകുന്നതിൽ നിന്നു അക്രഡിറ്റേഷൻ കൗൺസിൽ ആദ്യം പിന്മാറിയിരുന്നു. എൻ.എസ്.എസ് മാനേജ്മെന്റിന്റെ സമ്മർദ്ദത്തിനൊടുവിലാണ് പരിശോധന നടത്താമെന്ന് കൗൺസിൽ സമ്മതിച്ചത്. സംഘർഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന കോളേജ് മാനേജ്മെന്റ് ഇടപെടലിനെ തുടർന്നാണ് തിങ്കളാഴ്ച തുറന്നത്.