ആറ്റിങ്ങൽ: ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുക എന്ന ആവശ്യവുമായി ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ ദേശീയപാത ഉപരോധിച്ചു. 200 താലൂക്ക് കേന്ദ്രങ്ങളിൽ നടന്ന ഉപരോധത്തിന്റെ ഭാഗമായാണ് പ്രതിഷേധം നടന്നത്. ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച ജാഥ നാലുമുക്ക് ജംഗ്ഷനിലെത്തി റോഡ് ഉപരോധിച്ചു. ഉപരോധ സമരം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി അഡ്വ. മോഹൻകുമാർ ഉദ്ഘാടനം ചെയ്‌തു. ബി.ജെ.പി, ഹിന്ദു ഐക്യവേദി, ആർ.എസ്.എസ് നേതാക്കളും പങ്കെടുത്തു. രാവിലെ 11ന് ആരംഭിച്ച റോഡ് ഉപരോധം 11.45 വരെ നീണ്ടു. ഉപരോധ സമരത്തെ തുടർന്ന് ആറ്റിങ്ങലിലെ ഗതാഗതം പൂർണമായും നിലച്ചു. ആംബുലൻസുകൾ ഒഴികെയുള്ള ഒരു വാഹനങ്ങളും കടത്തിവിട്ടില്ല. ഹോംഗാർഡും പൊലീസും വാഹനങ്ങൾ ഇടറോഡിലൂടെ കടത്തിവിട്ടു.