തിരുവനന്തപുരം: തോട്ടം ഉടമകളുടെ കാർഷികാദായ നികുതി ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രതിസന്ധി കാരണം മേഖലയിലെ കാർഷികാദായ നികുതി അഞ്ച് വർഷത്തേക്ക് മരവിപ്പിക്കാൻ ജൂണിൽ തീരുമാനിച്ചിരുന്നു. പക്ഷേ ഇത് നിയമപരമായി നിലനിൽക്കില്ലെന്ന നിയമോപദേശത്തെ തുടർന്നാണ് പൂർണമായും ഒഴിവാക്കുന്നത്. മുൻകാല പ്രാബല്യം നൽകാത്തതിനാൽ ഉടമകൾ കുടിശിക തീർക്കേണ്ടി വരും. പ്ലാന്റേഷൻ നികുതിയിൽ നിന്ന് തോട്ടങ്ങളെ നേരത്തേ ഒഴിവാക്കിയിരുന്നു.
കാർഷികാദായനികുതി നിറുത്താൻ ഭേദഗതി ഓർഡിനൻസ് കൊണ്ടുവരുന്നതിനായി വിശദാംശങ്ങൾ പരിശോധിക്കും. ജസ്റ്റിസ് കൃഷ്ണൻനായർ കമ്മിഷനാണ് കാർഷികാദായ നികുതി ഇളവിനായി സർക്കാരിനോട് നേരത്തേ ശുപാർശ ചെയ്തിരുന്നത്. തോട്ടം മേഖലയിൽ നിന്ന് കഴിഞ്ഞ സാമ്പത്തികവർഷം 6.13 കോടി രൂപ പിരിഞ്ഞുകിട്ടിയിരുന്നു. സംസ്ഥാനത്തിന്റെ മൊത്തം നികുതി വരുമാനത്തിന്റെ 0.01 ശതമാനം മാത്രമാണിത്. അതിനാൽ ഇത് നിറുത്തലാക്കിയാൽ സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. നികുതി പിരിച്ചെടുക്കാനും നോട്ടീസ് അയയ്ക്കാനുമുള്ള തൊഴിൽ വകുപ്പിന്റെ ബാദ്ധ്യതയും ഒഴിവാകും.