educationഉന്നത വിദ്യാഭ്യാസ മേഖല അഭിവൃദ്ധിപ്പെടണമെന്ന് ആഗ്രഹിക്കുന്നവരിൽ പ്രതീക്ഷ ഉണർത്തുന്നതാണ് ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് കഴിഞ്ഞദിവസം നടന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സിലബസ് പരിഷ്കരണവും പരീക്ഷാ നടത്തിപ്പും മൂല്യനിർണയവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ഒരുങ്ങുന്നത്. വളരെ മുന്നേതന്നെ നടപ്പാക്കേണ്ടിയിരുന്നതാണ് ഈ പരിഷ്കാരങ്ങൾ. നൂറ്റി അറുപതോളം എൻജിനിയറിംഗ് കോളേജുകളും അതിനെക്കാൾ കൂടുതൽ മറ്റ് സാങ്കേതിക-ബിസിനസ് സ്ഥാപനങ്ങളുമുള്ള സംസ്ഥാനത്ത് നിലവാരമുള്ളവ നന്നേ കുറച്ചേയുള്ളൂ. കുട്ടികളെ കിട്ടാതെ പൂട്ടുവീണുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്നു. കാലാനുസൃതമായ മാറ്റങ്ങൾക്ക് തയ്യാറാകാത്തതിനാൽ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഇവിടെ ഒരു തരത്തിലുള്ള മരവിപ്പാണ് പൊതുവേ കാണുന്നത്. സിലബസിൽ മാത്രമല്ല, അദ്ധ്യയനത്തിലും പരീക്ഷയിലുമൊക്കെ കാണാം പഴമയുടെ മാറാലകൾ. അയൽസംസ്ഥാനങ്ങളിലെ സ്ഥാപനങ്ങൾ ഈ രംഗത്ത് ഏറെ മുന്നോട്ടുപോയപ്പോൾ ഇവിടത്തെ പല കോളേജുകളും പരമ്പരാഗത സിലബസുമായി പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. സാങ്കേതിക വിഷയങ്ങൾക്കും സ്ഥാപനങ്ങൾക്കുമായി പ്രത്യേകം സർവകലാശാല വന്നപ്പോൾ വലിയൊരു മാറ്റം പ്രതീക്ഷിച്ചു. എന്നാൽ തുടങ്ങി ഏറെനാൾ കഴിയുംമുമ്പേ വിദ്യാർത്ഥികൾക്ക് ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനു പകരം വിവാദങ്ങളാണ് ജന്മം കൊണ്ടത്. മാസങ്ങളായി വൈസ് ചാൻസിലർ പോലുമില്ലാതെയാണ് സാങ്കേതിക സർവകലാശാല പ്രവർത്തിക്കുന്നത്. പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും തുടർച്ചയായി വിവാദങ്ങൾ സൃഷ്ടിക്കുന്നു.

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണാധികാരമുള്ള എ.ഐ.സി.ടി.ഇ മാനദണ്ഡമനുസരിച്ച് എൻജിനിയറിംഗ് പരീക്ഷ പാസാകാൻ നാല്പതുശതമാനം മാർക്ക് നിർബന്ധമാണ്. അടുത്തവർഷം മുതൽ ഇതു കർക്കശമാക്കാനാണ് ഉന്നതതല യോഗ തീരുമാനം. പാസ് മാർക്ക് നാലപതുശതമാനമാക്കുന്നതിനൊപ്പം തന്നെ എൻജിനിയറിംഗ് പ്രവേശന പരീക്ഷയിലും മിനിമം മാർക്ക് പുനർനിർണയിക്കേണ്ടത് അത്യാവശ്യമാണ്. കോളേജുകളിൽ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതിന്റെ പേരിൽ കണക്കിന് ഏറ്റവും കുറഞ്ഞ മാർക്കുള്ളവരെപ്പോലും പ്രവേശിപ്പിക്കുന്ന പ്രവണതയുണ്ട്. എൻജിനിയറിംഗ് പഠനത്തിന്റെ നിലവാരത്തകർച്ചയുടെ പ്രധാന കാരണം പ്രവേശന യോഗ്യതയിൽ സന്ദർഭാനുസരണം വരുത്തുന്ന ഇളവുകളാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല കോളേജ് തലത്തിലും പരീക്ഷയും പരീക്ഷാ നടത്തിപ്പുമൊക്കെ പാളം തെറ്റിയിട്ട് വർഷങ്ങളായി. കലണ്ടർ പ്രകാരം പരീക്ഷകൾ നടക്കാറേയില്ല. പരീക്ഷ നടന്നാൽത്തന്നെ ഫലപ്രഖ്യാപനത്തിനായി വിദ്യാർത്ഥികൾ സമരം ചെയ്യേണ്ടിവരുന്ന സന്ദർഭങ്ങളുമുണ്ട്. ഫലം വൈകുന്നതുമൂലം എത്രയോ കുട്ടികളുടെ ഭാവി പഠനം അവതാളത്തിലാകാറുണ്ട്. പ്രത്യേകിച്ചും സംസ്ഥാനത്തിനു പുറത്തുള്ള മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം തേടുന്ന മിടുക്കരായ കുട്ടികൾക്കാണ് വലിയ നഷ്ടം നേരിടുന്നത്. പരീക്ഷയിലെ മൂല്യനിർണയവും പലപ്പോഴും വ്യാപകമായ പരാതിക്കിട നൽകാറുണ്ട്. മൂല്യനിർണയവും അദ്ധ്യാപനത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെങ്കിലും ഇതിന്റെ പേരിൽ വില പേശലാണ് നടക്കുന്നത്. മൂല്യനിർണയത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന അദ്ധ്യാപകരാണ് കൂടുതൽ. മൂല്യനിർണയത്തിൽ സംഭവിക്കുന്ന പാകപ്പിഴകൾ അനവധി കുട്ടികൾക്ക് തോരാക്കണ്ണീരാണ് സമ്മാനിക്കുന്നത്. പുനർമൂല്യ നിർണയ അപേക്ഷകൾ വർദ്ധിക്കാനുള്ള പ്രധാന കാരണം മൂല്യനിർണയത്തിൽ അദ്ധ്യാപകരുടെ ഭാഗത്തുണ്ടാകുന്ന ഉദാസീന സമീപനമാണ്. മൂല്യനിർണയത്തിൽ വീഴ്ച തെളിഞ്ഞാൽ അദ്ധ്യാപകരിൽ നിന്ന് പിഴ ഈടാക്കാറുണ്ട്. ഇപ്പോൾ അത് 5000 രൂപയാണ്. ഇത് 25000 രൂപയായി വർദ്ധിപ്പിക്കണമെന്ന് ഉന്നതതല യോഗം ശുപാർശ ചെയ്തിട്ടുണ്ട്. നല്ല നിർദ്ദേശമാണിത്. മൂല്യനിർണയവും പുനർമൂല്യനിർണയവും ഫലപ്രഖ്യാപനവുമൊക്കെ സമയബന്ധിതമാക്കാനുള്ള നടപടികളും ഉണ്ടാകണം. നാക് അക്രഡിറ്റേഷൻ മാതൃകയിൽ സംസ്ഥാന സർക്കാരിന്റെ \'സാക്\' അക്രഡിറ്റേഷൻ കൊണ്ടുവരാൻ ആലോചനയുണ്ട്. സ്ഥാപനങ്ങളുടെ നിലവാരവും ഗ്രേഡും മനസിലാക്കാൻ ഇത് സഹായമാകും. സിലബസ്, പരീക്ഷാ പരിഷ്കരണം നടത്തുമ്പോൾ മേഖലയിൽ ദീർഘകാല പരിചയവും വിജ്ഞാനവും ഉള്ളവരെ ഉൾപ്പെടുത്തിയുള്ള സമിതിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കണം. പ്രവേശന പരീക്ഷാ കലണ്ടർ പരിഷ്കരിക്കാനുള്ള നിർദ്ദേശവും ഉയർന്നിട്ടുണ്ട്. എല്ലാ വർഷവും ഇതൊക്കെ മുൻകൂർ നിശ്ചയിക്കാറുണ്ടെങ്കിലും കലണ്ടറിൽ പറയുംപോലെയല്ല പ്രവേശന നടപടികൾ തുടങ്ങുന്നതും അവസാനിക്കുന്നതും. മേയ് മദ്ധ്യത്തോടെ തന്നെ പ്ളസ് ടു ഫലങ്ങൾ പുറത്തുവരാറുണ്ടെങ്കിലും പ്രൊഫഷണൽ കോഴ്സുകളിലേക്ക് പ്രവേശനം പൂർത്തിയാക്കാൻ ഒക്ടോബർ വരെയാകും. മെഡിക്കൽ-അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം പലവട്ടം കോടതി കയറുന്നതു കാരണം ഈ മേഖലയിൽ തുടർച്ചയായി അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. ഈ മേഖലയെ വ്യവഹാരമുക്തമാക്കാനുള്ള വ്യക്തവും സ്വീകാര്യവുമായ പ്രവേശന നടപടികൾ ഉറപ്പു വരുത്തിയാൽ വലിയ അനുഗ്രഹമാകും. പ്രവേശന നടപടികൾക്കിടയിലുണ്ടാകുന്ന വ്യവഹാരങ്ങൾ വലിയ ശാപമാണ്. വിദ്യാഭ്യാസ രംഗത്ത് ഒരു കേരള മാതൃക അവതരിപ്പിക്കാനുള്ള കാലം അതിക്രമിച്ചിരിക്കുകയാണ്.