തിരുവനന്തപുരം: കിഫ്‌ബിയുടെ പ്രവർത്തനം സുമഗമമാക്കാനായി ഇനിമുതൽ പെട്രോൾ, ഡീസൽ സെസ്, കിഫ്‌ബിയിലേക്ക് നേരിട്ട് ലഭ്യമാക്കുന്നത് സംബന്ധിച്ച് ധനവകുപ്പിന്റെ ഉത്തരവിറങ്ങി. കിഫ്ബിയിലേക്ക് പണം കണ്ടെത്താൻ രണ്ട് മാർഗങ്ങളാണ് നിയമത്തിലുള്ളത്. വാഹനനികുതിയുടെ പത്തുശതമാനം മുതൽ അൻപത് ശതമാനം വരെയും പെട്രോൾ, ഡീസൽ സെസുമാണ് കിഫ്ബിയിലേക്ക് വകമാറ്റുക.
2016-17 മുതൽ ഒാരോ വർഷവും പത്തുശതമാനം വീതം കിഫ്ബിയിലേക്ക് മാറ്റുകയാണ്. ഇത് 2022 ആകുമ്പോഴേക്കും മൊത്തം വരുമാനത്തിന്റെ 50 ശതമാനമാകും. മൂന്ന് അക്കൗണ്ടുകളിലായി വരുന്ന വാഹനനികുതി, അക്കൗണ്ടിലെത്തുന്നതിന്റെ പിറ്റേന്ന് കിഫ്ബിയിലേക്ക് മാറ്റാനും സെസ് നേരിട്ട് കിഫ്ബി അക്കൗണ്ടിലടയ്ക്കാനുമാണ് പുതിയ ഉത്തരവ്. പുതിയ ഉത്തരവ് മൂലം സംസ്ഥാന ട്രഷറിയിലെ പണം നീക്കിയിരിപ്പ് കുറയും. ഒരുവർഷം മുഴുവൻ സംസ്ഥാന ട്രഷറിയിൽ സൂക്ഷിക്കേണ്ട തുകയാണ് അതത് ദിവസം കിഫ്ബിയിലേക്ക് മാറ്റുന്നത്. കിഫ്ബിയിലെത്തുന്ന തുക സ്വകാര്യബാങ്കുകളിൽ നിക്ഷേപിക്കും. ഇതും സർക്കാരിന് നഷ്‌ടമാണ്. എന്നിരുന്നാലും കിഫ്ബിക്ക് ലഭിക്കുന്ന നേട്ടം ലക്ഷ്യമിട്ടാണ് പുതിയ ഉത്തരവ്.