തിരുവനന്തപുരം: സാധാരണക്കാർക്ക് നികുതിഭാരം കുറച്ചുകൊണ്ട്, ചരക്ക് സേവന നികുതിയുടെ കോമ്പൗണ്ടിംഗ് പരിധി ഒരു കോടിയായിരുന്നത് ഒന്നരക്കോടിയാക്കി ഉയർത്തുന്ന നിയമഭേദഗതി മന്ത്രിസഭായോഗം അംഗീകരിച്ചു. ചരക്ക്സേവന നികുതി ദായകരായ,ഒന്നര കോടിയിൽ താഴെ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾക്ക് ഭേദഗതിയിലൂടെ കോമ്പൗണ്ടിംഗ് സമ്പ്രദായത്തിലേക്ക് മാറാം. ഇതുവഴി വിവിധ നികുതി സ്ലാബിലുള്ളവർക്ക് മൊത്തം വിറ്റുവരവിന്റെ ഒരു ശതമാനം തുക നികുതിയായി അടച്ചാൽ മതി. ചെറുകിട ഹോട്ടലുകാർക്കും കച്ചവടക്കാർക്കുമെല്ലാം ഇത് ബാധകമാകും. ജി.എസ്.ടിയുടെ പേരിലുള്ള നികുതി ഉപഭോക്താവിൽ നിന്ന് ഈടാക്കുന്നത് ഇതിലൂടെ ഒഴിവാകും. ചെലവിനത്തിലുള്ള തുക നികുതിയിൽ കുറച്ച് കിട്ടുന്ന ഇൻപുട്ട് ക്രെഡിറ്റ് ടാക്സ് അടക്കമുള്ള ഇളവുകൾ വ്യാപാരികൾക്കുണ്ടാവില്ല.2018ലെ കേന്ദ്ര ചരക്ക്സേവന നികുതി ഭേദഗതി നിയമത്തിന് അനുസൃതമായി തയാറാക്കിയ സംസ്ഥാന ചരക്ക് സേവന നികുതി ഭേദഗതി ബില്ലിന്റെ കരടാണ് മന്ത്രിസഭ അംഗീകരിച്ചത്. ഇത് ഓർഡിനൻസായി ഇറക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. ഈ മാസം 15ന് മാറ്റം പ്രാബല്യത്തിൽ വരും.
നികുതി റിട്ടേൺ മൂന്ന് മാസത്തിലൊരിക്കൽ
നികുതിസമ്പ്രദായം കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി മൂന്ന് മാസത്തിലൊരിക്കൽ റിട്ടേൺ സമർപ്പിച്ചാൽ മതി. നികുതിത്തുക എല്ലാ മാസവും അടയ്ക്കണം.കോമ്പൗണ്ടിംഗ് പരിധിയിലുള്ളവർ മൂന്ന് മാസത്തിലൊരിക്കൽ റിട്ടേൺ സമർപ്പിക്കുന്നത് തുടരും.
വ്യാപാരികൾക്ക്
ചെറുകിട വ്യാപാരികളുടെ നിലനില്പ് പ്രശ്നമാകാതിരിക്കാൻ ഇവരിൽ നിന്ന് വാങ്ങുന്ന സാധനങ്ങളുടെ ബില്ലിന്മേലുള്ള നികുതികുറവ് വിജ്ഞാപനം ചെയ്ത ശേഷമേ ഇൻപുട്ട് ക്രെഡിറ്റ് ടാക്സിന്റെ പ്രയോജനം ലഭിക്കൂ.
മാറ്റം സങ്കീർണതകളൊഴിവാക്കാൻ
ജി. എസ്. ടിയിലെ സങ്കീർണതകൾ ഒഴിവാക്കാനുള്ള മാറ്റത്തിന് ജി.എസ്.ടി കൗൺസിൽ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ജി.എസ്.ടിയിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ നിയമം കൊണ്ടുവന്നു. സംസ്ഥാന ജി.എസ്.ടിയിലും അതിനനുസരിച്ചുള്ള മാറ്റം വേണ്ടതിനാലാണ് ഭേദഗതി.കോമ്പൗണ്ടിംഗ് വ്യാപാരികൾക്ക് സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. കോമ്പൗണ്ടിംഗ് സ്വീകരിച്ചാൽ ഉപഭോക്താക്കളിൽ നിന്ന് നികുതി പിരിക്കാൻ കഴിയില്ല. അതേസമയം ജി.എസ്.ടി.കൃത്യമായി അടക്കുന്നുണ്ടോ. കണക്ക് കൃത്യമാണോ തുടങ്ങിയ പരിശോധനകളും നടപടികളും റെയ്ഡുകളും പിഴയും ഇവർക്കെതിരെ ഉണ്ടാകില്ല. സംസ്ഥാനത്ത് ജി.എസ്.ടിയിൽ രജിസ്റ്റർ ചെയ്ത 759 ബാർ ഹോട്ടൽ ഉടമകളിൽ 269 പേരും 5552 ജുവലറികളിൽ 3048 പേരും 1173 ക്രഷറുകളിൽ 882 പേരുമാണ് കോമ്പൗണ്ടിംഗ് ചെയ്തിട്ടുള്ളത്.
പൊതുജനങ്ങൾക്ക് വിലകുറച്ച് കിട്ടും
കോമ്പൗണ്ടിംഗ് സംവിധാനം സ്വീകരിച്ചിട്ടുള്ള ഹോട്ടൽ,ജുവലറി, ബാർ, വ്യാപാരസ്ഥാപനങ്ങൾ എന്നിവ ഇക്കാര്യം കാഷ് കൗണ്ടറിന് മുന്നിൽ പരസ്യപ്പെടുത്തണം. ഇവർക്ക് സാധനങ്ങളുടെ മേൽ ജി.എസ്.ടി. ചുമത്തി ഉപഭോക്താക്കളിൽ നിന്ന് ഇൗടാക്കാനാവില്ല. അതിനാൽ സാധനങ്ങൾക്ക് വിലകുറയും.