ശിവഗിരി: ശ്രീനാരായണഗുരുദേവ ദർശനം ലോകസമക്ഷത്തിലെത്തിക്കാൻ നിസ്തുല സംഭാവനകൾ ചെയ്തവരാണ് ഗുരുവിനൊപ്പം ജീവിച്ച ശിഷ്യപ്രമുഖരെന്ന് ഗുരുധർമ്മ പ്രചരണസഭാ പി.ആർ.ഒ ഇ.എം. സോമനാഥൻ പറഞ്ഞു. ശ്രീനാരായണഗുരുദേവന്റെ മഹാസമാധി നവതി ആചരണത്തോടനുബന്ധിച്ച് ശിവഗിരിയിൽ നടക്കുന്ന ആചാര്യസ്മൃതി സമ്മേളനത്തിൽ സ്വാമി പൂർണാനന്ദ, സ്വാമി കുമാരാനന്ദ ദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ശിവഗിരി മഠത്തെയും ധർമ്മസംഘത്തെയും ഗുരുധർമ്മത്തിലും തത്വദർശനത്തിലും ഉറപ്പിച്ചു നിറുത്തി നയിക്കാൻ ത്യാഗപൂർണമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത സന്യാസി ശ്രേഷ്ഠനാണ് സ്വാമി കുമാരാനന്ദയെന്ന് ഗുരുധർമ്മപ്രചരണസഭ രജിസ്ട്രാർ ടി.വി. രാജേന്ദ്രൻ പറഞ്ഞു. ഗുരുദേവന് തൃപ്പാദശുശ്രൂഷ ചെയ്യാൻ ഭാഗ്യം സിദ്ധിച്ച സന്യാസി ശ്രേഷ്ഠരായിരുന്നു കുമാരസ്വാമിയും പൂർണാനന്ദ സ്വാമിയുമെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ കുമിളി ശ്രീനാരായണ ധർമ്മാശ്രമം സെക്രട്ടറി സ്വാമി ഗുരുപ്രകാശം പറഞ്ഞു.ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, നവതി ആചരണകമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, യജ്ഞകമ്മിറ്റി കൺവീനർ സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രകാശം, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, അഡ്വ. സിനിൽ മുണ്ടപ്പള്ളി, അജി .എസ്.ആർ.എം, യതിൻ ആമ്പാടി, സന്ദീപ് പച്ചയിൽ, ഡി. പ്രേംരാജ്, പി.ടി. മന്മഥൻ, സജി .എസ്.ആർ.എം, ലതീഷ് അടിമാലി, എം.ബി. ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
ശിവഗിരിയിൽ ഇന്ന്
രാവിലെ 4.30ന് പർണശാലയിൽ ശാന്തിഹവനം, 5ന് ശാരദാമഠത്തിൽ വിശേഷാൽപൂജ, 5.30ന് മഹാസമാധിയിൽ വിശേഷാൽ ഗുരുപൂജ, 5.45ന് ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവകൃതികളുടെ പാരായണം, 9ന് അഖണ്ഡനാമജപം, വിശ്വശാന്തിഹവനം, വൈകിട്ട് മൂന്നിന് ആചാര്യസ്മൃതി സമ്മേളനം.