തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനി മാതൃകയായി. സ്വകാര്യ മേഖലയിൽനിന്ന് ആദ്യത്തെ സാലറി ചലഞ്ചാണ് ഇത്. കമ്പനി എം.ഡി ഡോ. എസ്.എൻ. ശശിധരൻ കർത്ത നൽകിയ രണ്ടുകോടി രൂപയും ജീവനക്കാരുടെ 58 ലക്ഷം രൂപയും ചേർത്ത് 2.58 കോടി രൂപയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.
പ്രളയ ദുരിതം ഏറ്റവും കൂടുതൽ അനുഭവിച്ചവരാണ് സി.എം.ആർ.എൽ കമ്പനിയിലെ ജീവനക്കാർ എങ്കിലും കേരളത്തിന്റെ പുനർനിർമ്മാണത്തിനായുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ മാനിച്ച് ഒരു മാസത്തെ ശമ്പളം നൽകുകയായിരുന്നു. കമ്പനിയിലെ ഭൂരിപക്ഷം ജീവനക്കാരുടെ വീടുകളിലും പ്രളയം വൻ നാശം വിതച്ചിരുന്നു. അതെല്ലാം മറന്ന് സർക്കാരിന് കൈത്താങ്ങായതിൽ സംതൃപ്തിയുണ്ടെന്ന് ഡോ. ശശിധരൻ കർത്ത പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ ഡോ. എസ്.എൻ. ശശിധരൻ കർത്ത 2.58 കോടി രൂപയുടെ ചെക്ക് കൈമാറി. മന്ത്രി ഇ.പി. ജയരാജൻ, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശരൺ എസ്. കർത്ത, സി.ജി.എം എൻ. അജിത്ത്, സി.ജി.എം സുരേഷ്‌കുമാർ .പി, അഷ്ടമൂർത്തി .പി.എം, മനോജ് ഗോപിനാഥ്, ജിജി .എസ്, യൂണിയൻ നേതാക്കളായ ജി.സി.ഡി.എ ചെയർമാൻ വി. സലീം, കെ.കെ. ജിന്നാസ്, വി.കെ. ഷാനവാസ്, എം.എ. വിനോദ്, വി.ജെ. ബാബു, സുനി .പി.ബി, കെ.പി. മുരളി, സി.എം.ആർ.എൽ എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി കെ.എൻ. രാജീവൻ തുടങ്ങിയവർ സംബന്ധിച്ചു.