sabarimala-women-entry

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ സ്ത്രീകൾക്ക് അധികസൗകര്യങ്ങൾ ഒരുക്കാൻ ആലോചിക്കുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു.

മണ്ഡലമഹോത്സവത്തിനു മുന്നോടിയായി പമ്പയിലും സന്നിധാനത്തും ഒരുക്കുന്ന അടിസ്ഥാനസൗകര്യവികസനപ്രവർത്തനങ്ങളുടെ അവലോകനത്തിനായി ചേർന്ന ബോർഡ് യോഗത്തിനുമുമ്പ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾ കൂടുതലായി സന്നിധാനത്ത് എത്താനിടയുള്ളതിനാൽ എന്തെല്ലാം ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പുതിയ സാഹചര്യം കണക്കിലെടുത്ത് പമ്പയിലും സന്നിധാനത്തും വനിതാപൊലീസിനെ വിന്യസിക്കുന്നതടക്കമുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. ഈ നിലപാടിൽനിന്ന് സർക്കാർ പിന്തിരിയുന്നതിന്റെ സൂചനയാണ് ദേവസ്വംബോർഡ് പ്രസിഡന്റിന്റെ വാക്കുകളിൽ പ്രതിഫലിച്ചത്.

ശബരിമലയിൽ സ്ത്രീകൾക്ക് ആദ്യമായി പ്രവേശനം നൽകുന്നുവെന്ന തോന്നൽ ബോർഡിനില്ല. നിലവിൽ സ്ത്രീകൾക്ക് സൗകര്യങ്ങളുണ്ട്. അത് തുടരും. അധികസൗകര്യങ്ങളോ പ്രത്യേക സൗകര്യങ്ങളോ ഒരുക്കില്ല- പത്മകുമാർ വ്യക്തമാക്കി. തുടർ നടപടികൾ ഹൈക്കോടതിയുടെ നിർദ്ദേശമനുസരിച്ചായിരിക്കും. യുവതികൾക്ക് ശബരിമലയിൽ ദർശനത്തിനെത്താൻ അനുമതി നൽകിയ സുപ്രീംകോടതി വിധി നടപ്പാക്കാൻ ബോർഡിന് അമിതാവേശമൊന്നുമില്ല. പതിനെട്ടാം പടിയിൽ വനിതാ പൊലീസിനെ വിന്യസിക്കാനും തീരുമാനിച്ചിട്ടില്ല. വനിതാ പൊലീസിനെ ശബരിമലയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചയും നടന്നിട്ടില്ല. നിലവിലുള്ള സ്ഥിതിഗതികളെല്ലാം ഹൈക്കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പന്തളംവഴി മുന്നോട്ട്

ശബരിമലയിൽ മുൻനിശ്ചയപ്രകാരം നടത്തിവരുന്ന വികസന പ്രവർത്തനങ്ങളും പ്രളയത്തിനുശേഷം പമ്പയിൽ നടത്തുന്ന പുനർനിർമ്മാണപ്രവർത്തനങ്ങളും നിലയ്ക്കലിൽ ബേസ് ക്യാമ്പ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും അവലോകനയോഗം വിലയിരുത്തി. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ വളരെ കരുതലോടെ മുന്നോട്ടുപോകാനാണ് ബോർഡിന്റെ തീരുമാനം. തന്ത്രികുടുംബത്തെയും പന്തളം കൊട്ടാരത്തെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നടപടികളാവും കൈക്കൊള്ളുക. നേരത്തേ സ്ത്രീകൾക്ക് സന്നിധാനത്ത് പിങ്ക് ടോയ്ലറ്റ് നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. പ്രതിഷേധം വ്യാപകമായതോടെ അതിൽനിന്നു പിന്മാറി.