ആറ്റിങ്ങൽ: യുവാവിനെ ആക്രമിച്ച് പണവും സ്വർണവും കവർന്ന സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കിഴുവിലം അണ്ടൂർ മുളയറത്തലക്കാവ് ക്ഷേത്രത്തിന് സമീപം ചരുവിള വീട്ടിൽ ഷെറിൻ (23), കടുവയിൽ ചരുവിള പുത്തൻവീട്ടിൽ വിഷ്ണു എന്ന അനന്തപദ്മനാഭൻ (21) എന്നിവരാണ് പിടിയിലായത്. വർക്കല സ്വദേശിയായ അൻവറിനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. വർഷങ്ങളായി അൻവറുമായി പ്രതികളിൽ ചിലർക്ക് സൗഹൃദമുണ്ടായിരുന്നു. ഈ സൗഹൃദമുപയോഗിച്ച് കഴിഞ്ഞ ദിവസം ആറ്റിങ്ങലിൽ വിളിച്ച് വരുത്തുകയും കാട്ടുംപുറത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം ആയുധം കാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുക്കുകയായിരുന്നു. അറസ്റ്റുചെയ്‌ത പ്രതികളെ റിമാൻഡ് ചെയ്‌തു. ഡിവൈ.എസ്.പി പി. അനിൽകുമാറിന്റെ നിർദ്ദേശാനുസരണം എസ്.എച്ച്.ഒ ഒ.എ. സുനിൽ, എസ്.ഐ തൻസീം അബ്ദുൾ സമദ്, ഷാഡോ ടീം അംഗങ്ങളായ ദിലീപ്, ബിജുകുമാർ, ജയൻ, ശ്യാം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.