muku-234

നെയ്യാറ്റിൻകര: ശബരിമലയിലെ സ്ത്രീപ്രവേശത്തിൽ പ്രതിഷേധിച്ച് എൻ.എസ്.എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് നെയ്യാറ്റിൻകര ടൗണിൽ നടന്ന നാമജപ ഘോഷയാത്രയിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. നെയ്യാറ്റിൻകര താലൂക്ക് യൂണിയനു കീഴിലെ 124 കരയോഗങ്ങളിൽ നിന്ന് സ്ത്രീകൾ ഉൾപ്പെടെയുളളവർ നെയ്യാറ്റിൻകര ഗ്രാമം ജംഗ്ഷനിൽ കേന്ദ്രീകരിച്ച് അവിടെ നിന്നും ശരണം വിളികളുമായാണ് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. ഘോഷയാത്രയെ തുടർന്ന് ദേശീയപാതയിലെ ഗതാഗതം ഏറെ നേരം നിലച്ചു. ഇന്നലെ വൈകിട്ട് 4 ഓടെ ആരംഭിച്ച ഘോഷയാത്ര വൈകിട്ട് 6ഓടെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം സമാപിച്ചു. ഘോഷയാത്രക്ക് എൻ.എസ്.എസ്. നെയ്യാറ്റിൻകര തലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ എസ്. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻനായർ, മാമ്പഴക്കര രാജശേഖരൻനായർ, ഡോ. രമേശ്, എ.വി. സുബിലാൽ, യൂണിയൻ സെക്രട്ടറി കെ. രാമചന്ദ്രൻനായർ, ജി. പ്രവീൺകുമാർ, യൂണിയൻ ഇൻസ്പകട്ർ എസ്. മഹേഷ്കുമാർ, കമ്മിറ്റി അംഗങ്ങളായ വിക്രമൻനായർ, രാജേന്ദ്രൻ, മുരളീധരൻനായർ, മാധനവൻപിള്ള, വനിത യൂണിയൻ പ്രസിഡന്റ് കുമാരി പ്രേമടീച്ചർ, ഭരണസമതി അംഗങ്ങൾ, പ്രതിനിധിസഭാംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.