കഴക്കൂട്ടം: മംഗലപുരത്ത് കഴിഞ്ഞ 22 വർഷമായി ആർ.സി.സിയുടെ കീഴിൽ പ്രർത്തിക്കുന്ന കാൻസർ നിരീക്ഷണ കേന്ദ്രം സാമ്പത്തിക ബാദ്ധ്യതയുടെ പേരിൽ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. ചിറയിൻകീഴ്, പോത്തൻകോട്, വാമനപുരം ബ്ലോക്ക് പഞ്ചായത്തുകളിലെ രോഗികൾക്ക് ആശ്രയകേന്ദ്രമായിരുന്നു ഇത്. കേന്ദ്രം അടച്ചു പൂട്ടുന്നതോടെ 22 ഓളം ഫീൽഡ് ജീവനക്കാർ ദുരിതത്തിലാകും. അടച്ചുപൂട്ടലിനെതിരെ മഹിളാ കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി കഴിഞ്ഞ ദിവസം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് മന്ത്റി, പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്‌പീക്കർ, ആർ.സി.സി അധികൃതർ എന്നിവർക്ക് നിവേദനം നൽകി. സ്ഥാപനം നിലനിറുത്തണമെന്നാവശ്യപ്പെട്ട് 13ന് രാവിലെ 10ന് കേന്ദ്രത്തിന് മുന്നിൽ ധർണ നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് കെ. ഓമന, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. വസന്തകുമാരി എന്നിവർ അറിയിച്ചു. ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും.