തിരുവനന്തപുരം: തുലാമാസ പൂജകൾക്ക് നടതുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ വിശ്വാസികളുടെ പ്രതിഷേധം തലസ്ഥാനത്തേക്ക് വ്യാപിക്കുന്നു. അയ്യപ്പ കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഇന്നലെ നഗരത്തിന്റെ വിവിധയിടങ്ങളിൽ റോഡ് ഉപരോധിച്ചു. ഒരേ സമയം നൂറുകണക്കിന് ആളുകൾ റോഡ് ഉപരോധിച്ചതോടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. രാവിലെ 11 മുതൽ 12 വരെ കേശവദാസപുരം, പഴവങ്ങാടി, കഴക്കൂട്ടം, പാപ്പനംകോട് എന്നിവിടങ്ങളിലും ഉപരോധം നടന്നു. കേശവദാസപുരത്ത് നടന്ന ഉപരോധം ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ഉദ്ഘാടനം ചെയ്‌തു. പഴവങ്ങാടിയിൽ നടന്ന ഉപരോധം മുൻ വിവരാവകാശ കമ്മിഷണർ ഗുണവർദ്ധനൻ ഉദ്ഘാടനം ചെയ്‌തു. ശബരിമല മുൻ മേൽശാന്തി ഗോശാല വിഷ്ണുവാസുദേവൻ നമ്പൂതിരി അദ്ധ്യക്ഷനായി. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാൻ കഴിയാത്ത ദേവസ്വം ബോർഡ് പ്രസിഡന്റ് രാജിവയ്‌ക്കണമെന്ന് ഗോശാല വിഷ്ണുവാസുദേവൻ നമ്പൂതിരി ആവശ്യപ്പെട്ടു. ബാലഗോകുലം സംസ്ഥാന കാര്യദർശി വി. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. സംവിധായകൻ വിജി തമ്പി, ഹിന്ദുഐക്യവേദി സംസ്ഥാന സഹ ട്രഷറർ പി. ജ്യോതീന്ദ്രകുമാർ, സം
സ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂർ, വിചാരകേന്ദ്രം അക്കാഡമിക് കൗൺസിൽ അംഗം ഡോ. മധുസൂദനൻ, ബ്രാഹ്മണസഭ ജില്ലാ അദ്ധ്യക്ഷൻ എച്ച്. ഗണേഷ്, കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ഷാജു വേണുഗോപാൽ, അയ്യപ്പസേവാസമാജം ജില്ലാ ട്രഷറർ ഗീത, സെക്രട്ടറി ജയകുമാർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ. രാജശേഖരൻ, യോഗക്ഷേമ സഭ ജില്ലാ നേതാവ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ആറ്റുകാൽ പി. ശശിധരൻ നായർ, മാധവസ്വാമി, തുടങ്ങിയവർ നേതൃത്വം നൽകി. പാപ്പനംകോട്ട് നടന്ന ഉപരോധം കാലടി ബോധനന്ദാശ്രമത്തിലെ സ്വാമി ഹരിഹരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്‌തു. ആർ.എസ്.എസ് വിഭാഗ് നേതാവ് എം. ജയകുമാർ, ശബരിമല കർമ്മസമിതി പ്രവർത്തകരായ അനീഷ്, സുരേഷ്, പാപ്പനംകോട് അനിൽ, ബി.ജെ.പി ദേശീയ സമിതി അംഗം കരമന ജയൻ, ബി.ജെ.പി നഗരസഭ കൗൺസിൽ പാർട്ടി ലീഡർ എം.ആർ. ഗോപൻ, ബി.ജെ.പി നേമം മണ്ഡലം പ്രസിഡന്റ് തിരുമല അനിൽ, ജനറൽ സെക്രട്ടറി നീറമൺകര ഹരി, കൗൺസിലർമാരായ കരമന അജിത്, ആർ.സി. ബീന, ജി.എസ്. മഞ്ജു, പി.വി. മഞ്ജു, ആശാനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.