തിരുവനന്തപുരം:ജനറൽ ആശുപത്രിയിൽ മൂന്നു ദിവസമായി കുടിവെള്ളം മുടങ്ങിയതോടെ രോഗികളും കൂട്ടിരിപ്പുകാരും വലഞ്ഞു. അരുവിക്കരയിലെ പൈപ്പ് ലൈനിൽ പണി നടക്കുന്നതിനാൽ വെള്ളം മുടങ്ങിയെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നു. കുടിക്കാനോ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനോ കഴിയാതെ രോഗികളും കൂട്ടിരിപ്പുകാരും നെട്ടോട്ടമോടുകയാണ്. ഇവർക്ക് കുപ്പിവെള്ളമാണ് ഏക ആശ്രയം. ഡോക്ടർമാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. തിങ്കളാഴ്ച മുതലാണ് ആശുപത്രിയിൽ വെള്ളം നിലച്ചത്. പിന്നാലെ വാട്ടർ അതോറിട്ടിയിൽ നിന്ന് ടാങ്കർ ലോറിയിൽ വെള്ളമെത്തുന്നുണ്ടെങ്കിലും ഒരു വാർഡിലെ ആളുകൾക്ക് പോലും തികയുന്നില്ല. ഇന്നലെ മാത്രം ആറ് ടാങ്കർ വെള്ളമാണ് ആശുപത്രി അധികൃതർ വാട്ടർ അതോറിട്ടിയോട് ആവശ്യപ്പെട്ടത്. രാത്രിയോടെ അഞ്ച് എണ്ണം എത്തിച്ചു. എന്നാൽ പകൽ സമയത്ത് വെള്ളം കിട്ടാതെ ജനങ്ങൾ വലഞ്ഞതോടെ സ്വകാര്യ ടാങ്കറുകളിലും വെള്ളമെത്തിച്ചു. പൈപ്പ് ലൈനിൽ പണിനടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ മുതൽ ഉച്ചവരെ കുടിവെള്ള മുടങ്ങുമെന്ന അറിയിപ്പാണ് വാട്ടർ അതോറിട്ടി ആശുപത്രി അധികൃതർക്ക് നൽകിയിരുന്നത്. എന്നാൽ മൂന്ന് ദിവസം പിന്നിടുമ്പോഴും ഉടൻ ശരിയാകുമെന്ന മറുപടിയാണ് വാട്ടർ അതോറിട്ടി നൽകുന്നത്. അതേസമയം രോഗികളുടെ പ്രശ്നം കണക്കിലെടുത്ത് കൂടുതൽ ടാങ്കർ എത്തിക്കാൻ ആശുപത്രി അധികൃതർ തയ്യാറാകുന്നില്ലെന്ന് കൂട്ടിരിപ്പുകാരും പറയുന്നു. നഗരത്തിൽ ദിവസേന നൂറുകണക്കിന് രോഗികൾ ചികിത്സതേടിയെത്തുന്ന ജനറൽ ആശുപത്രിയിൽ പൈപ്പിലൂടെയുള്ള ജലവിതരണം മാത്രമാണ് ഉള്ളത്. കുഴൽക്കിണറോ, മറ്റ് ബദൽ സംവിധാനങ്ങളോ ഇല്ലാത്തതും ഇത്തരം സാഹചര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു.
തിങ്കളാഴ്ച ഉച്ചവരെ വെള്ളം മുടങ്ങുമെന്ന അറിയിപ്പ് മാത്രമാണ് വാട്ടർ അതോറി ട്ടി നൽകിയത്. ഇപ്പോൾ മൂന്നു ദിവസം പിന്നിടുന്നു. ഇന്നലെ രാത്രിയോടെ ജലവിതരണം പുനഃസ്ഥാപിക്കുമെന്നാണ് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചത്."
- ഡോ.സരിത, ജനറൽ ആശുപത്രി സൂപ്രണ്ട്