pettipara

നേമം: കൃഷിയെ പ്രളയം വിഴുങ്ങിയപ്പോഴും വെള്ളായണിയിലെ കർഷകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. നഷ്ടപ്പെട്ട ജീവിതം തിരിച്ചു പിടിക്കാനായി അവർ മുന്നിട്ടിറങ്ങി. എന്നാൽ തകരാറിലായ മോട്ടോറുകളും പമ്പുകളും അവരുടെ പ്രതീക്ഷകളെ തകർക്കുകയായിരുന്നു. വെള്ളായണി കായലിനെ കരമനയാറിൽ ബന്ധിപ്പിക്കുന്ന കന്നുകാലി ചാനലിന് ഇരുവശത്തുമുള്ള നാല് പാടശേഖരങ്ങളിലെ കൃഷി പ്രളയം വിഴുങ്ങിയിരുന്നു. കൂടാതെ പമ്പ് ഹൗസിലെ മോട്ടോറിനും പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്‌ത് കളയുന്ന മോട്ടറുമായി ഘടിപ്പിച്ചിട്ടുള്ള 'പെട്ടിയും പറയ്‌ക്കും' കേടുപാടുണ്ടായി. പണ്ടാരക്കരിയിൽ പച്ചക്കറി,വാഴ തുടങ്ങിയവയാണ് പ്രധാന കൃഷി. എന്നാൽ ഇവിടെ ആകെയുള്ളത് ഒരു മോട്ടോറും പെട്ടിയും പറയും മാത്രമാണ്. നെല്ലും വാഴയും കൃഷിചെയ്യുന്ന കാഞ്ഞിരത്തടിയിൽ രണ്ട് മോട്ടോറും പെട്ടിയും പറയുമുണ്ട്. മാംഗിളിക്കരിയിൽ 15 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ഡിസംബറിൽ അഞ്ച് ഹെക്ടറിൽ നെൽ കൃഷിയിറക്കിയിരുന്നു. ഇവിടെ മൂന്ന് മോട്ടോറും രണ്ട് പെട്ടിയും പറയും ഉണ്ടെങ്കിലും ഒരെണ്ണം തകരാറിലാണ്. നിലമക്കരി കോർപറേഷന് പരിധിയിലാണ് 10 ഹെക്ടറിൽ നെൽക്കൃഷി ചെയ്യുന്നുണ്ട്. ഇവിടെ ഒരു പെട്ടിയും പറയും മോട്ടോറുമുണ്ട്. പാടശേഖരങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഒരു മാസം മുമ്പ് കളക്ടർ വാസുകി വിളിച്ച യോഗത്തിൽ സബ് കളക്ടർ, കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കൃഷി ഓഫീസർ, ഇറിഗേഷൻ ഉദ്യോഗസ്ഥർ, പാടശേഖര കമ്മിറ്റി കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഇറിഗേഷൻ വകുപ്പിന് ഫണ്ട് അനുവദിക്കുന്നത് വരെ കാക്കാതെ എത്രയും വേഗം പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാനുള്ള നടപടികൾ കല്ലിയൂർ പഞ്ചായത്ത് തുടങ്ങണമെന്നും തീരുമാനിച്ചിരുന്നു. പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതിന് സ്വകാര്യ ഏജൻസിയെ ഏല്പിച്ചിരുന്നു. എന്നാൽ ബണ്ടിന്റെ പല ഭാഗങ്ങളിലും വിള്ളലുള്ളതിനാൽ പമ്പ് ചെയ്‌തു ചാനലിലേക്ക് ഒഴുക്കിയ വെള്ളം തിരികെ എത്തിയതോടെ ആ ശ്രമവും ഉപേക്ഷിക്കുകയായിരുന്നു. മാംഗിളിക്കരിയിൽ ഇനിയും മോട്ടറിന്റെ അറ്റകുറ്റപ്പണികൾ തീർക്കാനുണ്ട്. എങ്കിലും നവംബറിൽ കൃഷിയിറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.