കൊല്ലം: പള്ളിത്തോട്ടം സ്വദേശി ആട്ടോ ‌ഡ്രൈവർ സിയാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെ കൂടി പൊലീസ് തെരയുന്നു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട മുഖ്യപ്രതി നൗഷറിന് പുറമെ സിയാദുമായി അടുപ്പമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന സ്‌ത്രീയുടെ ഭർത്താവ്, മറ്ര് രണ്ടുപേർ എന്നിവരെയാണ് പൊലീസ് തെരയുന്നത്. ഈ സ്‌ത്രീയുമായുള്ള സിയാദിന്റെ ബന്ധമാണ് സെപ്‌തംബർ 16ന് അർദ്ധ രാത്രിയിൽ നഗരത്തെ നടുക്കിയ കൊലയിൽ കലാശിച്ചത്.
പൊലീസ് പിടിയിലായ പള്ളിത്തോട്ടം സ്വദേശികളായ ഷെഫീഖ് (20), ഷെമീർ (19), പള്ളിമുക്ക് സ്വദേശികളായ നഹാസ് (25), ഇജാസ് (27) എന്നിവരെ തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കി റിമാൻഡ് ചെയ്തു. നൗഷറിനായുള്ള ലുക്ക് ഔട്ട് നോട്ടീസ് മാത്രമാണ് ഇനി നില നിൽക്കുന്നതെങ്കിലും കൃത്യത്തിൽ മറ്ര് മൂന്നുപേരുടെയും പങ്ക് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്‌റ്റിലായവരെ ചോദ്യം ചെയ്‌തതിലൂടെയാണ് പൊലീസിന് ഈ വിവരങ്ങൾ ലഭിച്ചത്.
സിയാദുമായി അടുപ്പമുണ്ടായിരുന്ന സ്‌ത്രീയുടെ പിതാവിന്റെ ചരമ വാർഷിക ദിനത്തിൽ അർദ്ധ രാത്രിയിലാണ് കൊല നടന്നത്.അന്ന് പകൽ ഓർമ്മ ചടങ്ങുകൾക്ക് ഒത്തുകൂടിയപ്പോഴാണ് പല തവണയായി വേണ്ടെന്ന് വച്ച ഓപ്പറേഷൻ അന്ന് രാത്രി നടത്താൻ ബന്ധുക്കളായ പ്രതികൾ തീരുമാനിച്ചത്. കോൺഗ്രസിലെ പ്രാദേശിക നേതാവും ചുമട്ടുതൊഴിലാളിയുമായ നൗഷർ ചുരുങ്ങിയ കാലം കൊണ്ടാണ് നഗരത്തിൽ ഇടത്തരം ബിസിനസുകാരനായത്.
ഒളിവിൽ കഴിയുന്ന നൗഷറിന്റെ ബാങ്ക് അക്കൗണ്ട് പൊലീസ് കത്ത് നൽകി മരവിപ്പിച്ചെങ്കിലും ചിലർ നേരിട്ട് നൗഷറിന് പണമെത്തിക്കുന്നതായാണ് വിവരം. ബിസിനസ് ബന്ധങ്ങളുടെ ഭാഗമായാണ് ഈ കൈമാറ്രമെങ്കിലും പണം കൈമാറുന്നവർ പൊലീസ് നിരീക്ഷണത്തിലാണ്.