കോട്ടയം: ഉപരോധസമരമെല്ലാം വിഫലമായി, കൊട്ടാരക്കര- ദിണ്ഡിഗൽ ദേശീയപാതയിലെ ഗതാഗതം പുനരാരംഭിക്കാൻ ഈ മാസം കൂടി കാത്തിരിക്കണം. കഴിഞ്ഞ 23നാണ് ദേശീയപാതയിലെ കുമളി ലോവർ ക്യാമ്പ് റോഡിൽ അറ്റകുറ്റപ്പണിക്കായി ഗതാഗതം നിരോധിച്ചത്.

ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ തടഞ്ഞതോടെ ആദ്യം തമിഴ്‌നാട്ടിലെ പാൽ വ്യാപാരികളും പിന്നാലെ തോട്ടം തൊഴിലാളികളും പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ ലോവർ ക്യാമ്പിൽ ഉപരോധസമരം സംഘടിപ്പിച്ചു. കഴിഞ്ഞദിവസം സമരം സംഘർഷാവസ്ഥയിലേക്ക് നീങ്ങി. പൊലീസ് സമരക്കാരെ പിരിച്ചുവിടാൻ ലാത്തിവീശി. തുടർന്നാണ് പൊലീസ്, റവന്യൂ അധികൃതർ, ദേശീയപാത ഉദ്യോഗസ്ഥർ എന്നിവർ ചൊവ്വാഴ്ച ചർച്ച നടത്തിയത്. എന്നാൽ ഈ മാസം 30 വരെ കൊട്ടാരക്കര -ദിണ്ഡിഗൽ ദേശീയപാതയിൽ ഗതാഗതം അനുവദിക്കാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. 30ന് മുമ്പ് നിർമാണം പൂർത്തിയാക്കി പാത തുറക്കാമെന്നും അതുവരെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഒരു വാഹനവും അനുവദിക്കാനാവില്ലെന്നും അധികൃതർ കർശന നിലപാടെടുത്തു.

തുടർച്ചയായി മണ്ണിടിയുന്നതും ഗതാഗതം അനുവദിച്ചാൽ നിർമാണ ജോലികൾ വൈകുമെന്നതുമാണ് ഗതാഗതം പൂർണമായി നിറുത്തിവയ്ക്കാൻ കാരണം. ഇതോടെ 30 വരെ കുമളി വഴി തമിഴ്‌നാട്ടിലേക്കുള്ള യാത്ര കമ്പംമേട് വഴി മാത്രമേ സാധ്യമാവൂ.