തിരുവനന്തപുരം: പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസികൾക്ക് ഭക്ഷണം വിതരണം ചെയ്യാൻ കട്ടപ്പുറത്തായ വാഹനം അറ്റകുറ്റപ്പണി നടത്തി എത്രയും വേഗം പുറത്തിറക്കുമെന്ന് ആശുപത്രി അധികൃതർ. രോഗികൾക്കുള്ള ഭക്ഷണ വിതരണം മാലിന്യ വണ്ടികളിലാണെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി ' ഫ്ലാഷ് ' ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി. ഭക്ഷണ വിതരണത്തിനായുള്ള വാഹനം ഉടൻ അറ്റകുറ്റപ്പണി നടത്തി സർവീസിനായി പുറത്തിറക്കും. ഈ വാഹനം കേടായതിനെ തുടർന്ന് അതിന്റെ അറ്രകുറ്റപ്പണി നടത്തുന്നതിന് പകരം അധികൃതർ മുമ്പ് മാലിന്യം നീക്കം ചെയ്തിരുന്ന ഉന്തുവണ്ടികളിൽ ഭക്ഷണം വിതരണം ചെയ്യുകയായിരുന്നു.വിഷയം അടിയന്തര പ്രാധാന്യം നൽകി പരിഗണിക്കുമെന്ന് സൂപ്രണ്ട് ഡോ. ടി.സാഗർ പറഞ്ഞു.
പരിശോധിക്കും
മാനസികാരോഗ്യ കേന്ദ്രത്തിൽ മാലിന്യവണ്ടിയിൽ ഭക്ഷണ വിതരണം നടത്തുന്ന കാര്യം അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് അഡി. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ പറഞ്ഞു.