കോട്ടയം: കുറുപ്പന്തറയിലെ സ്വകാര്യ പണമിടപാടുകാരനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യപ്രതിയെ പിടികൂടാനാകാതെ പൊലീസ് നട്ടം തിരിയുന്നു. കൊലപാതക നടന്ന ദിവസം രാത്രി തന്നെ കൈയിൽ മുറിവുമായി ജോബിനെ കൈയിൽ കിട്ടിയിട്ടും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. രണ്ട് ദിവസമായി സേലത്തും ചെന്നൈയിലുമായി പൊലീസ് കേസിലെ മുഖ്യപ്രതിയായ ജോബിന് (22)​ വേണ്ടി തെരച്ചിൽ നടത്തുന്നു. എന്നാൽ ഇതുവരെ കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല.

ജോബിൻ പഠിക്കുന്ന സേലത്തെ എൻജിനിയറിംഗ് കോളേജിലെത്തി സുഹൃത്തുക്കളെയും പരിചയക്കാരെയും ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. ജോബിൻ സ്വന്തമായി ഫോൺ ഉപയോഗിക്കാത്തതിനാൽ പിന്തുടരാൻ പൊലീസിന് കഴിയുന്നില്ല. എന്നാൽ വഴിയാത്രിക്കാരിൽ നിന്ന് ഫോൺ വാങ്ങി ഇയാൾ ബന്ധുക്കളെ വിളിക്കുന്നുണ്ട്. പൊലീസ് ഇത് പിന്തുടർന്ന് എത്തുമ്പോഴാകും ഫോണിന്റെ ഉടമയിൽ നിന്ന് കോൾ ചെയ്യാനായി പ്രതി ഫോൺ ചോദിച്ചു വാങ്ങിയതാണെന്നറിയുന്നത്.

പ്രതിക്ക് തമിഴ്നാട്ടിലെ മയക്കുമരുന്ന് മാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇവരുടെ സഹായത്താലാണ് പ്രതി കൊലപാതകം നടത്തിയതും ഒളിവിൽ കഴിയുന്നതെന്നുമാണ് സൂചന. ജോബിൻ ഉത്തരേന്ത്യയിലേക്ക് കടന്നതായും സൂചനയുണ്ട്. ഡൽഹിയടക്കമുള്ള സ്ഥലങ്ങളിൽ ബന്ധു വീടുകളുണ്ട്. ഈ വഴിക്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം റിമാൻഡിൽ കഴിയുന്ന പ്രതികളായ ആദർശിനെയും അരുൺകുമാറിനെയും ചോദ്യം ചെയ്യാൻ കസ്റ്രഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് വൈക്കം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കുറുപ്പന്തറ ചിറയിൽ സ്റ്റീഫൻ കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ടത്.