sajeesh
Sivagiri photo

ശിവഗിരി: ശ്രീനാരായണ ഗുരുദേവനെ മാതൃകയാക്കുകയും വളരെ ചെറുപ്പം മുതൽ സാമൂഹ്യ പരിഷ്കരണ രംഗത്തും സാഹിത്യ മേഖലയിലും കഴിവ് തെളിയിക്കുകയും ചെയ്ത മഹത് വ്യക്തിത്വമാണ് മൂലൂർ എസ്. പത്മനാഭപ്പണിക്കരെന്ന് എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രാജേഷ് നെടുമങ്ങാട് പറഞ്ഞു. ശിവഗിരിയിൽ ആചാര്യസ്മൃതി സമ്മേളനത്തിൽ മൂലൂർ എസ്. പത്മനാഭപ്പണിക്കർ, ടി.ടി. കേശവ ശാസ്ത്രി ദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സവർണ കവികളുടെ അപ്രമാദിത്വത്തിനെതിരെ റെഡ് അലർട്ട് പ്രഖ്യാപിച്ച മലയാള സാഹിത്യത്തിലെ മന്ദാരപുഷ്പമാണ് മൂലൂരെന്ന് യോഗം കോട്ടയം യൂണിയൻ കൗൺസിലർ സജീഷ്‌കുമാർ മണലേൽ പറഞ്ഞു. മഹാത്മാ അയ്യങ്കാളിക്കു ശേഷം കേരളം കണ്ട ഏറ്റവും ധീരനായ സമുദായ നേതാവാണ് കേശവ ശാസ്ത്രികൾ. ദളിത് സിംഹം കുറുമ്പൻ ദൈവത്താനുമൊത്ത് മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രസന്നിധിയിൽ ഗുരുദേവനെ കണ്ടുമുട്ടിയതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. ഗുരു കേശവനെ മൂലൂരിനെ ഏല്പിച്ചു. മൂലൂരിൽ നിന്ന് സംസ്കൃതം പഠിച്ചു. ചാല ഗവ. ഹൈസ്കൂളിലെ അദ്ധ്യാപക ജോലി രാജിവച്ചാണ് സമുദായ പ്രവർത്തനത്തിനിറങ്ങിയത്. 1942ൽ ആൾ ട്രാവൻകൂർ പുലയമഹാസഭ സ്ഥാപിച്ചു. അധഃസ്ഥിതർക്ക് ഭൗതിക മോചനം ഉണ്ടാകണമെങ്കിൽ ഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ട് ഒരു സംഘടനയുടെ കീഴിൽ സംഘടിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, നവതി ആചരണകമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, യജ്ഞകമ്മിറ്റി ചെയർമാൻ സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രകാശം, പി.സുന്ദരൻ കൊല്ലം, കാവേരി രാമചന്ദ്രൻ, ഡി.പ്രേംരാജ്, അജി .എസ്.ആർ.എം, വിപിൻരാജ്, ശ്രീകുമാർ പെരുങ്ങുഴി, ആലുവിള അജിത്ത്, സജി .എസ്.ആർ.എം, രജനു പനയറ, ശിവഗിരി പി.ആർ.ഒ ജനീഷ് എന്നിവർ സംബന്ധിച്ചു.

ഫോട്ടോ: ശിവഗിരിയിൽ ആചാര്യസ്മൃതി സമ്മേളനത്തിൽ സജീഷ്‌കുമാർ മണലേൽ സംസാരിക്കുന്നു. ജനീഷ്, ബ്രുഗുണൻ, രാജേഷ് നെടുമങ്ങാട്, സ്വാമി ഗുരുപ്രകാശം, സുധാകരൻ, ജനാർദ്ദനൻ എന്നിവർ സമീപം.

ശിവഗിരിയിൽ ഇന്ന്

രാവിലെ 4.30ന് പർണശാലയിൽ ശാന്തിഹവനം, 5ന് ശാരദാമഠത്തിൽ വിശേഷാൽ പൂജ, 5.30ന് മഹാസമാധിയിൽ വിശേഷാൽ ഗുരുപൂജ, 5.45ന് ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവകൃതികളുടെ പാരായണം, 9ന് അഖണ്ഡനാമജപം, വിശ്വശാന്തിഹവനം, വൈകുന്നേരം 3ന് ആചാര്യസ്മൃതിസമ്മേളനം.