കഴിഞ്ഞ അൻപത്തിയഞ്ച് വർഷമായി മുടക്കമില്ലാതെ ശബരിമലയിലെത്തി ദർശനം നടത്തുന്ന അയ്യപ്പഭക്തനാണ് ഞാൻ. കോടിക്കണക്കിന് അയ്യപ്പഭക്തരുടെ പുണ്യദേവാലയമായ ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ ഒരു നല്ല വിധിയായും ദുർവിധിയായും കരുതുന്നവരുണ്ട്. ശബരിമല ധർമ്മശാസ്താക്ഷേത്രത്തിൽ കേരളത്തിനകത്തുനിന്നും, അന്യസംസ്ഥാനങ്ങളിൽ നിന്നും കോടിക്കണക്കിന് ഭക്തരാണ് വർഷം തോറും ദർശനം നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു ഹൈന്ദവ ക്ഷേത്രമാണെങ്കിൽ പോലും എല്ലാ അന്യമതവിശ്വാസികളായ പുരുഷന്മാർക്കും നിശ്ചിത പ്രായത്തിലുള്ള സ്‌ത്രീകൾക്കും ഇവിടെ പ്രവേശിച്ച് പ്രാർത്ഥിച്ച് അനുഗ്രഹം നേടാനാകും. എന്നാൽ ക്ഷേത്രാചാരമനുസരിച്ച് രജസ്വലയായ സ്‌ത്രീക്ക് ശബരിമലയിൽ ഇതുവരെ പ്രവേശനമില്ലായിരുന്നു. നൈഷ്ഠികബ്രഹ്മചാരിയായ ദേവനാണ് സ്വാമി അയ്യപ്പൻ എന്ന വിശ്വാസം ക്ഷേത്രാരംഭകാലം മുതൽ ഹൈന്ദവസമൂഹത്തിൽ പ്രബലമാണ്. നാൽപ്പത്തിയൊന്ന് ദിവസത്തെ വ്രതം നോറ്റാണ് അയ്യപ്പസ്വാമിയെ ആദ്യമായി ദർശിക്കേണ്ടത്.
ആർത്തവം കൈവരിച്ച സ്‌ത്രീക്ക് ഈ വ്രതാനുഷ്ഠാനം സാദ്ധ്യമാവില്ലല്ലോ. അതുകൊണ്ടാണ് ആർത്തവകാലത്ത് പ്രവേശനം അനുവദിക്കാതിരുന്നത്. സ്‌ത്രീക്കും പുരുഷനും സമൂഹത്തിലെ എല്ലാ പൊതുസ്ഥലങ്ങളിലും തുല്യത നൽകുന്നത് തന്നെയാണ് ശരിയായ സംസ്കാരം. തികഞ്ഞ ഈശ്വരവിശ്വാസികളാണ് തങ്ങളുടെ പുണ്യപാപങ്ങളുടെ ചുമടുമായി ഭക്തിപ്രചുരിമയോടെ മല ചവിട്ടി, ഭഗവാന്റെ മുന്നിലെത്തി, ഭഗവാനെ വാഴ്ത്തി, സങ്കടങ്ങൾ പറഞ്ഞ് അനുഗ്രഹം നേടി മനഃശാന്തിയും സായൂജ്യവുമടയുന്നത്.സ്‌ത്രീയെ ബഹുമാനിക്കുന്നതാണ് ഭാരതീയ സംസ്‌കാരം. എന്നാൽ നമ്മുടെ മൂല്യങ്ങളും ആചാരങ്ങളും മറന്നുള്ള എടുത്തുചാട്ടങ്ങൾ സമബുദ്ധിയുള്ള ഋതുമതികളായ സ്‌ത്രീകൾക്ക് നിരക്കാത്തതാണ്.
ആർത്തവം സാരമില്ലെന്നും എല്ലാ പ്രായത്തിലെ സ്‌ത്രീകൾക്കും ഒരു നിയന്ത്രണവുമില്ലാതെ ക്ഷേത്രത്തിൽ പ്രവേശിക്കാമെന്നുമായാൽ ഋതുമതികളും വ്രതനിഷ്ഠയില്ലാതെ ക്ഷേത്രത്തിലെത്തും അന്യമതസ്ഥരായ സ്‌ത്രീകൾ പോലും ആർത്തവസമയത്ത് അവരുടെ ദേവാലയകൂദാശകളിലും പ്രാർത്ഥനയിലും എത്താറില്ലെന്നോർക്കണം.
സ്‌ത്രീകൾ ധാരാളമായി ദർശനത്തിനെത്തുന്നതോടെ പലതരത്തിലുള്ള ക്രമസമാധാന പ്രശ്‌നങ്ങളും ഉടലെടുക്കും എന്നതാണ് വേറൊരു വശം. തിക്കിലും തിരക്കിലും ചിലരെങ്കിലും സ്‌ത്രീകൾക്ക് നേരെ അതിക്രമം കാട്ടിക്കൂടെന്നും ഇല്ല. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നത് പൊലീസിനും തലവേദന സൃഷ്‌ടിക്കും, പ്രത്യേകിച്ചും മണ്‌ഡലകാലം പോലെ ജനലക്ഷങ്ങളുടെ തീർത്ഥാടന നാളുകളിൽ. കാനനപാതയിലൂടെയുള്ള യാത്രയും ദുഷ്‌കരമാണ്. ഇവിടെയെല്ലാം സ്‌ത്രീയുടെ സുരക്ഷ ഉറപ്പാക്കൽ എന്നത് സർക്കാരിനും പൊലീസിനും സമ്മർദ്ദം സൃഷ്‌ടിക്കുമെന്ന കാര്യവും ഉറപ്പാണ്. ഭക്‌തിയുടെ അന്തരീക്ഷം നിലനിൽക്കുന്ന അയ്യപ്പസന്നിധിയിൽ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ക്ഷണിച്ചു വരുത്തുന്നത് ഭൂഷണമാണോ? നാല്പത്തിയൊന്ന് നാൾ വ്രതം നോറ്റ് ഭക്തിയോടെ, പ്രാർത്ഥനയോടെ, ക്ഷേത്രാങ്കണത്തിലെത്തുന്ന മറ്റ് അയ്യപ്പഭക്‌തർക്കും പ്രയാസങ്ങൾ സൃഷ്‌ടിക്കില്ലേ? സ്‌ത്രീപ്രവേശനത്തിന്റെ പേരിൽ മുറവിളി കൂട്ടുന്നവർ ഇതിന്റെ പേരിൽ ഉണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങൾ അവഗണിക്കുകയാണ്.
സുപ്രീംകോടതി ഇത്രയും നിർഭാഗ്യകരമായ വിധി പ്രസ്‌താവിച്ചത് ക്ഷേത്രത്തെക്കുറിച്ചും ഇവിടത്തെ കീഴ്‌വഴക്കങ്ങളെക്കുറിച്ചും ആരാധനാസമ്പ്രദായങ്ങളെക്കുറിച്ചും ശബരിമലയുടെ പ്രത്യേക സവിശേഷതകളെക്കുറിച്ചും കോടതിയെ തന്മയത്വമായി ബോദ്ധ്യപ്പെടുത്താൻ ആർക്കും കഴിയാത്തതു കൊണ്ടാവണം. സാർവത്രിക സ്‌ത്രീപ്രവേശം നിയമം മൂലം തന്നെ തടയാനുള്ള നിലപാടുകൾക്കായി ദേവസ്വം ബോർഡ്, ക്ഷേത്രം തന്ത്രി, പന്തളം രാജകുടുംബം, കേരളത്തിലെയും അന്യസംസ്ഥാനങ്ങളിലെയും അയ്യപ്പഭക്തന്മാർ എന്നിവർ ഒന്നടങ്കം മുന്നിട്ടിറങ്ങണം. ഇന്ത്യയിലെ ഏറ്റവും സമുന്നതരായ അഭിഭാഷകരെ എത്ര പണം മുടക്കിയും നിയോഗിക്കുകയും, ബന്ധപ്പെട്ടവർ അഭിഭാഷകരെ കൃത്യമായി ബോധവൽക്കരിച്ച് ശബരിമലയിലെ നിജസ്ഥിതികളും സങ്കടങ്ങളും പരമോന്നത കോടതിയെ ബോദ്ധ്യപ്പെടുത്തി അനുകൂലവിധി നേടുകയും വേണം
ലേഖകൻ ശബരിഗിരി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനാണ്