atl11oa

ആ​റ്റിങ്ങൽ: അതിവേഗം വികസിക്കുന്ന ആറ്റിങ്ങലിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ആ​റ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോ. ജീവനക്കാർക്കോ യാത്രക്കാർക്കോ വിശ്രമിക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല. ദിവസവും ആയിരക്കണക്കിനാളുകൾ യാത്രയ്ക്കായി എത്തുന്ന സ്ഥലമായിട്ടും കാലത്തിനനുസരിച്ചുള്ള യാതൊരു വികസനവും ഇവിടെ ഉണ്ടായിട്ടില്ല. തിരുവനന്തപുരം - കൊല്ലം റൂട്ടിൽ ദേശീയപാതയോട് ചേർന്ന് കണ്ണായ സ്ഥലത്താണ് കെ.എസ്.ആർ.ടി.സി ഡിപ്പോയും സ്​റ്റാൻഡും വർക്ക്ഷോപ്പും പാർക്കിംഗ് ഏരിയായും സ്ഥിതിചെയ്യുന്നത്.

സ്​റ്റാൻഡിന്റെ തെക്കുഭാഗത്ത് ജീവനക്കാർക്ക് വിശ്രസ്ഥലമുണ്ട്. ഇത് കണ്ടാൽ ഏതോ പുരാവസ്തു കേന്ദ്രമാണെന്നേ തോന്നൂ. ഡിപ്പോ തുടങ്ങിയ കാലത്ത് നിർമ്മിച്ച ഈ കെട്ടിടം ഏത് നിമിഷവും പൊളിഞ്ഞ് വീഴാവുന്ന നിലയിലാണ്. മേൽക്കൂരയും ഭിത്തികളും തകർന്നിരിക്കുകയാണ്. തട്ടിൻ പുറത്ത് മരപ്പട്ടികളും എലിയും പാമ്പുമെല്ലാമുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. രാത്രിയിൽ ഇവിടെ കിടന്നുറങ്ങുന്ന ജീവനക്കാരുടെ ഗതികേട് പറഞ്ഞറിയിക്കാനാവില്ല. പ്രാഥമിക സൗകര്യങ്ങളും ഇവിടെ ഇല്ല. പൊതുജനങ്ങൾക്കുപയോഗിക്കാനുള്ള കക്കൂസുകളും മൂത്രപ്പുരകളുമാണ് ജീവനക്കാരും ഉപയോഗിക്കുന്നത്. കെ.എസ്.ആർ.ടി.സി കരാർ നല്കിയാണ് ഇവ പ്രവർത്തിപ്പിക്കുന്നത്. എങ്കിലും ഇവയ്ക്ക് യാതൊരു വൃത്തിയുമില്ലെന്ന് ജീവനക്കാർ പറയുന്നു.

ശുചീകരണം കാര്യക്ഷമമാകാത്തതിനാൽ പലപ്പോഴും അധികൃതർ കരാറുകാരനിൽ നിന്ന് പിഴയീടാക്കുകയും കക്കൂസുകൾ അടച്ചിടുകയും ചെയ്യാറുണ്ട്.

സ്റ്റാൻഡിനുള്ളിൽ യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങളില്ല. മഴയും വെയിലും കൊള്ളാതെ കയറിയിരിക്കാനുള്ള സൗകര്യവും ഇവിടെയില്ല. നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്നാണിവിടം. കൊല്ലം ഭാഗത്തുനിന്ന് വരുന്ന ബസുകൾ തിരിഞ്ഞ് സ്​റ്റാൻഡിലേക്ക് കയറുമ്പോഴും പുറത്തേക്കിറങ്ങുമ്പോഴും റോഡിൽ ഗതാഗതം തടസപ്പെടും. കൊല്ലംഭാഗത്തേക്കുളള ബസുകളും റോഡിൽ പകുതിയിലധികം സ്ഥലത്തേക്കിറങ്ങിയശേഷമേ തിരിഞ്ഞ് പോകാൻ കഴിയുന്നുള്ളു.