d

തിരുവനന്തപുരം: രാത്രി ജോലി കഴിഞ്ഞ് വന്ന് കിടന്നതാണ്. പിറ്റേന്ന് രാവിലെ എഴുന്നേൽക്കാനാവുന്നില്ല. ഇടതു കാലും വലതു കൈയും ചലിക്കുന്നില്ല. അമ്മയെ വിളിച്ചെങ്കിലും ശബ്ദം പൊങ്ങിയില്ല. ഒടുവിൽ എല്ലാവരുംകൂടി താങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴാണ് അറിയുന്നത് പക്ഷാഘാതമാണ്. ആറ് വർഷങ്ങൾക്ക് മുമ്പ്,​ തന്റെ മുപ്പത്തിനാലാമത്തെ വയസിലുണ്ടായ ആ കറുത്ത ദിനങ്ങളെ ഭീതിയോടെയല്ലാതെ മനോജിന് ഓർക്കാനാവില്ല. പിന്നീട് ഇങ്ങോട്ട് അതിജീവനത്തിന്റെ നാളുകളായിരുന്നു. അതിന് തുണയായത് വരദാനമായി ലഭിച്ച സംഗീതവും. സംസാരശേഷി നഷ്ടപ്പെട്ട മനോജ് പാടാൻ നിരന്തരം ശ്രമിച്ചുകൊണ്ടേയിരുന്നു. രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം മനോജ് വീണ്ടും പാടി. അധികം വൈകാതെ പക്ഷാഘാതം തോൽവി സമ്മതിച്ചു തുടങ്ങി. രോഗത്തിൽ നിന്ന് മുക്തനായില്ലെങ്കിലും ഇപ്പോൾ മനോജിന്റെ വലതുകൈ മാത്രമേ പൂർണമായും ചലിക്കാതെയുള്ളു.

അവിവാഹിതനായ മനോജിന് ഇന്നും സംഗീതം തന്നെയാണ് കൂട്ട്. കുഞ്ഞൂട്ടൻ - ദേവയാനി ദമ്പതികളുടെ ഒൻപത് മക്കളിൽ എട്ടാമത്തെയാളായ മനോജിന് കുട്ടിക്കാലം മുതലേ പാട്ടിനോടായിരുന്നു കമ്പം. പിന്നീട് ജീവിത പ്രാരാബ്‌ധങ്ങളെത്തുടർന്ന് നിർമ്മാണത്തൊഴിലാളിയായി. ഇടയ്ക്ക് നാട്ടിലെ ചെറിയ ഗാനമേളകളിലും കല്യാണ വീടുകളിലുമെല്ലാം പാടാൻ പോകുമായിരുന്നു. അമ്മയ്ക്കും ഭർത്താവ് ഉപേക്ഷിച്ച് പോയ സഹോദരിക്കും ഒപ്പം ഒരു ചെറിയ വീട്ടിലാണ് ഇപ്പോൾ താമസം. അച്ഛൻ നേരത്തേ മരിച്ചു. സഹോദരി കല്യാണ മണ്ഡപങ്ങളിൽ ശുചീകരണജോലിക്ക് പോകുന്നതിൽ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം പുലർത്തുന്നത്. തൃശൂർ മെഡിക്കൽ കോളേജിൽ ന്യൂറോളജി വിഭാഗത്തിലെ ഡോ. ബൈജു, ഡോ. ഷാജി എന്നിവരുടെ ചികിത്സയിലാണ് മനോജ്. മനോജിന്റെ ഫോൺ: 7902366503.

പാട്ട് എഴുതും ഈണമിടും

സംഗീതം പഠിച്ചിട്ടില്ലാത്ത മനോജ് ഗാനങ്ങൾ എഴുതുകയും ഈണം നൽകി പാടുകയും ചെയ്യാറുണ്ട്. അടുത്തിടെ മനോജ് എഴുതി ഈണം നൽകി പാടിയ "നിസ്കാര തൊപ്പിയണിഞ്ഞ് " എന്ന മാപ്പിള ടച്ചുള്ള ഗാനം സുഹൃത്ത് രഞ്ജിത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ആയിരക്കണക്കിന് പേരാണ് ഈ ഗാനം കേട്ടത്.