തിരുവനന്തപുരം:ഡോക്ടർമാരുടെ ഡ്യൂട്ടിസമയം ക്രമപ്പെടുത്താത്തതിനാൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ പഞ്ചിംഗ് പൂർണമായി നടപ്പായില്ല.ഓഫീസ് ജീവനക്കാർക്കും മറ്റു മെഡിക്കൽ സ്റ്റാഫിനും പഞ്ചിംഗ് ബാധകമാക്കിയിട്ടുണ്ട്. പക്ഷെ, സ്പാർക്കുമായി ബന്ധിപ്പിക്കാത്തതിനാൽ ഈ വിഭാഗത്തിലും കൃത്യമായി പഞ്ചിംഗ് നടക്കുന്നില്ല.
ഒരു വർഷം മുമ്പ് ഒന്നര കോടി ചെലവഴിച്ചാണ് എട്ട് സർക്കാർ മെഡിക്കൽ കോളേജുകളിലും പഞ്ചിംഗ് മെഷീൻ സ്ഥാപിച്ചത്. കെൽട്രോണിനായിരുന്നു ചുമതല.ഒക്ടോബർ 31 നുള്ളിൽ പഞ്ചിംഗ് തുടങ്ങാനായിരുന്നു നിർദ്ദേശം. ഡോക്ടർമാരുടെ സംഘടന ഈ നീക്കത്തെ അന്നേ അനുകൂലിച്ചില്ല. ഡ്യൂട്ടി സമയം തീർച്ചയാക്കിയശേഷം പഞ്ചിംഗ് മതിയെന്നായിരുന്നു അവരുടെ നിലപാട്.ഓപ്പറേഷൻ തീയറ്ററിൽ ശസ്ത്രക്രിയയ്ക്ക് കയറുന്ന ഡോക്ടർമാർ എപ്പോൾ പുറത്തിറങ്ങുമെന്ന് പറയാനാവില്ല. കാത്ത് ലാബ് ഡ്യൂട്ടിയുള്ളവരും വൈകിയാണ് പലപ്പോഴും ഇറങ്ങാറുള്ളത്. അടിയന്തര സന്ദർഭങ്ങളിൽ സീനിയർ ഡോക്ടർമാർപോലും രാത്രിയിൽ ഡ്യൂട്ടിക്ക് എത്താറുണ്ട്. അപ്പോൾ, ഡ്യൂട്ടി സമയം ഏതു മാനദണ്ഡത്തിൽ നിശ്ചയിക്കുമെന്നാണ് അവരുടെ ചോദ്യം.ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല.ഡോക്ടർമാരും ആരോഗ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിംഗ് കർശനമായി നടപ്പാക്കാൻ കഴിഞ്ഞ മെയ് 19 ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. സർക്കാർഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ 31 നുള്ളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സർക്കാർ ധനസഹായം വാങ്ങുന്ന മറ്റ് സ്ഥാപനങ്ങളും ഡിസംബർ 31 നുള്ളിലും നടപ്പാക്കാനാണ് നിർദ്ദേശിച്ചത്.
#വഴി മുടക്കിയത് പ്രളയമെന്ന്
മന്ത്രിയുടെ ഓഫീസ്
പ്രളയത്തെ തുടർന്നുള്ള ആരോഗ്യപ്രവർത്തനങ്ങളിൽ ഡോക്ടർമാർ സജീവമായിരുന്നതിനാൽ പഞ്ചിംഗ് തുടങ്ങാൻ കഴിഞ്ഞില്ല. ഡ്യൂട്ടി സമയത്തിലെ സാങ്കേതിക പ്രശ്നങ്ങൾ കാട്ടി ഡോക്ടർമാർ സർക്കാരിന് നിവേദനം തന്നിട്ടുണ്ട്. എന്നാൽ തീരുമാനമടുത്തിട്ടില്ല.