canal

നെയ്യാറ്റിൻകര: വർഷങ്ങൾക്ക് മുൻപ് നെയ്യാറ്റിൻകര, വിളവംകോട് താലൂക്കുകളിൽ സമൃദ്ധമായ കൃഷിക്ക് പ്രധാന കാരണം ഇറിഗേഷൻ കനാലും അക്വഡക്ടുകളുമായിരുന്നു. എന്നാൽ ഇന്ന് കോടികൾ മുടക്കി നിർമ്മിച്ച ഇറിഗേഷൻ കനാലും അക്വഡക്ടുകളും ഉപയോഗ ശൂന്യമായതോടെ ഇവ സംരക്ഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നെയ്യാർഡാമിൽ നിന്നും മുൻകാലങ്ങളിൽ സ്ഥിരമായി കൃഷി ആവശ്യത്തിന് ജലം തുറന്നു വിടാറുണ്ടായിരുന്നു. വെള്ളം തുറന്നു വിടുമ്പോൾ സമീപപ്രദേശത്തെ കിണറുകൾ നിറയുസകയും കൃഷിക്കാവശ്യമുള്ള വെള്ളം ലഭിക്കുകയും ചെയ്തിരുന്നു. കനാൽ തുറന്ന് വിടാതായതോടെ ജല ലഭ്യത കുറഞ്ഞ് താലൂക്കിലെ ചെറുകിട കൃഷിത്തോട്ടങ്ങളും ഇല്ലാതായി.താലൂക്കിലെ ചെങ്കൽ വ്ലാത്താങ്കര പ്രദേശങ്ങളിൽ കൃഷി ചെയ്തിരുന്ന പച്ചക്കറിയും വീഴക്കുലകളും വാങ്ങാൻ അയൻ സംസ്ഥാനങ്ങളിൽ നിന്നും വ്യാപാരികൾ ഇവിടെ എത്തിയിരുന്നു. സ്ഥിരമായ ജല ലഭ്യത ഇല്ലാത്തത് കാരണം ഇന്ന് സ്ഥിതി മാറി.

നെയ്യാർ ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിലാണ് അറ്റകുറ്റപ്പണികൾ ചെയ്ത് കനാൽ തുറന്നു വിട്ടിരുന്നത്. എന്നാൽ ഇപ്പോഴതില്ല. വെള്ളം തുറന്നു വിട്ടാൽ കനാൽക്കരയിൽ താമസിക്കുന്നവരുടെ പരാതി ഏറുമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. കനാലുകൾ ജലച്ചോർച്ച ഇല്ലാതെ അറ്റകുറ്റപ്പണികൾ ചെയ്താൽ ഈ പരാതി ഒഴിവാക്കാവുന്നതേയുള്ളു എന്നാണ് നാട്ടുകാർ പറയുന്നത്. കനാൽക്കരയിൽ താമസിക്കന്നവരെ സംഘടിപ്പിച്ച് സംയോജിത കൃഷിക്ക് രൂപം നൽകി സൗജന്യമായി വിത്തും വളവും നൽകിയെങ്കിലും ജലലഭ്യത ഇല്ലാതായതോടെ കൃഷിയിലൂടെ സ്വയം പര്യാപ്തത എന്ന ലക്ഷ്യവും പരാജയപ്പെട്ടു.

 1956ലാണ് നെയ്യാർഡാം കമ്മീഷൻ ചെയ്തത്

 ഇടതുകര കനാലിന്റെ ദൈർഘ്യം 44 കിലോമീറ്റർ

 വലതുകര കനാലിന്റെ ദൈർഘ്യം 34 കിലോമീറ്റർ

 കനാലിലെ ജലമൊഴുക്കിന്റെ വിതാനം നിലനിറുത്താനാണ് ഭൂമിക്ക് മുകളിലൂടെ പോകുന്ന കോൺക്രീറ്റ് അക്വഡക്ടുകൾ നിർമ്മിച്ചത്

 മാരായമുട്ടം, ശാസ്താന്തല, അത്താഴമംഗലം എന്നിവടിങ്ങിലായി ഏതാണ്ട് 5 കോൺക്രീറ്റ് അക്വഡക്ടുകളാണ് ഉള്ളത്

 കഴിഞ്ഞ 15 വർഷത്തോളമായി കനാലിലൂടെ വെള്ളം തുറന്നു വിടുന്നില്ല

 കനാലുകൾ വേസ്റ്റ് ബിന്നായി മാറി

വെള്ളം തുറന്നു വിടാത്തത് കാരണം കനാലിലെ മിക്ക സ്ഥലങ്ങളിലും മാലിന്യം നിറഞ്ഞു. പ്രശ്നങ്ങൾ പരിഹരിച്ച് കനാലിലൂടെ സ്ഥിരമായി വെള്ളം തുറന്നു വിട്ടാൽ നെയ്യാറ്റിൻകര താലൂക്കിലെയും, സമീപത്തെ ഏതാണ്ട് 12 ഓളം പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ആവശ്യമായ പച്ചക്കറികൾ സ്വയം ഉത്പാദിപ്പിക്കാനാകും.