editorial

രാവിലെ സ്കൂളിലേക്ക് പുറപ്പെടുന്ന സ്കൂൾ കുട്ടികളിൽ നന്നേ ചുരുക്കം പേരെങ്കിലും യാത്രയ്ക്കിടെ മുങ്ങി കറങ്ങി നടക്കാറുണ്ട്. അദ്ധ്യാപകരോ വീട്ടുകാരോ പലപ്പോഴും ഇത് അറിയാറുമില്ല. ഇങ്ങനെ കറങ്ങി നടക്കുന്നവരിൽ അധികവും വഴിതെറ്റി വേണ്ടാത്ത കൂട്ടുകെട്ടുകളിലും സമൂഹത്തിന് നിരക്കാത്ത മണ്ഡലങ്ങളിലും ചെന്നുപെട്ട് വീടിനും നാടിനും കൊള്ളാത്തവരായി മാറുന്നുമുണ്ട്. പഠനം പൂർത്തിയാക്കാതെ സ്കൂളുകളിൽനിന്ന് പൊഴിഞ്ഞുപോകുന്നവരുടെ ഗണത്തിലും ഇവർക്കാണ് മുൻതൂക്കം. വീട്ടിലെ സാഹചര്യങ്ങളാകും ഒട്ടുമിക്ക കുട്ടികളെയും പഠനത്തോട് വിമുഖരായി മാറ്റുന്നത്. മനസിനിണങ്ങാത്ത വീട്ടിലെ ചുറ്റുപാടുകൾ കുട്ടികളെ നിഷേധികളാക്കും. ക്ളാസ് മുറികളിൽ അതിന്റെ പ്രതിഫലനം ഉണ്ടാകുന്നതോടെ അദ്ധ്യാപകർക്കും അവർ പ്രശ്നക്കാരായി മാറും. പഠനത്തിൽ കാണിക്കുന്ന അശ്രദ്ധ അദ്ധ്യാപകരെ കടുത്ത ശിക്ഷാനടപടികൾക്ക് പ്രേരിപ്പിക്കും. ക്ളാസ് മുറികൾ അങ്ങനെ ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം തീർത്തും അന്യമായി മാറുകയാണ്.

സ്കൂളിൽ പോകാതെ കറങ്ങി നടക്കുന്ന കുട്ടികളെ പിടികൂടി നേർവഴിക്ക് കൊണ്ടുവരാൻ പല ജില്ലകളിലും ഒൗദ്യോഗിക തലത്തിലും അല്ലാതെയും സംവിധാനങ്ങളുണ്ട്. തലസ്ഥാനനഗരിയിൽ പാർക്കുകളിലും സിനിമാ തിയേറ്ററുകളിലും കടപ്പുറത്തുമൊക്കെ കറങ്ങി നടക്കുന്ന കുട്ടികൾക്കുമേൽ പൊലീസിന്റെ നിരീക്ഷണം ഉണ്ട്. നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലും കുട്ടികളുടെ നീക്കങ്ങൾ അറിയാൻ സ്ഥിരം നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ ഉണ്ടായിട്ടും കാണാതാകുന്ന കുട്ടികളെക്കുറിച്ച് ഇടയ്ക്കിടെ വാർത്തകൾ വരാറുണ്ട്. പൊലീസിന്റെ നിരീക്ഷണവല കൂടുതൽ വിപുലമായതോടെ ഒട്ടുമിക്ക കുട്ടികളെയും താമസംവിന കണ്ടെത്താനും കഴിയുന്നുണ്ട്. വിദ്യാലയങ്ങളിൽനിന്ന് മുങ്ങി ഒടുവിൽ എല്ലാവരുടെയും കൺവെട്ടത്തുനിന്നുമറയുന്ന കുട്ടികളെക്കുറിച്ചുള്ള വാർത്തകളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പൊലീസ് രേഖകളിൽ കാണുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞവർഷം 170 കുട്ടികളെ കാണാതായെന്ന ഒൗദ്യോഗിക റിപ്പോർട്ട് ആശങ്കയും ദുഃഖവും ഉളവാക്കുന്നതാണ്. എന്തെല്ലാം കരുതലുകളെടുത്താലും കുറച്ച് കുട്ടികളെങ്കിലും എല്ലാ സംരക്ഷണ വലയങ്ങളും പൊട്ടിച്ചെറിഞ്ഞ് സ്വന്തംവഴി തേടി പോകുമെന്നതിന്റെ തെളിവാണിത്. കൂടുതൽ സ്നേഹവും വാത്സല്യവും കരുതലും ലഭിക്കേണ്ട കൗമാര പ്രായത്തിൽ സങ്കീർണമായ ഗാർഹിക സാഹചര്യങ്ങൾ കാരണം ഒറ്റപ്പെട്ടുപോകുന്ന കുട്ടികളിലാണ് ഒാടിപ്പോകാനുള്ള പ്രവണത വളരുന്നത്. കുട്ടികളെ വളർത്തുന്നതിൽ മാതാപിതാക്കളുടെയും ബന്ധുജനങ്ങളുടെയും സമീപനം ഒരുപോലെയാകണമെന്നില്ല. കുട്ടികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ ആദ്യം ശ്രദ്ധയിൽപ്പെടുന്നത് ക്ളാസ് മുറികളിലാകും. അദ്ധ്യാപകർക്ക് വളരെവേഗം ഇത് തിരിച്ചറിയാനും സാധിക്കും. സ്കൂളുകളിൽ കൗൺസിലിംഗിനുള്ള ഏർപ്പാടുകൾ ഇപ്പോൾ വിപുലമാണ്. കുട്ടികൾ വീടുകളിലും പുറത്തും നേരിടുന്ന അതിക്രമങ്ങൾ പുറത്തുവരാറുള്ളതും ഇപ്പോൾ ഇത്തരം കൗൺസലിംഗിലൂടെയാണ്. വന്നാൽ വന്നുപോയാൽ പോയി എന്ന സമീപനത്തിൽ നിന്ന് വിദ്യാലയാധികൃതരും വളരെയധികം മാറിയിട്ടുണ്ട്. വീട്ടുകാരോട് മാത്രമല്ല സമൂഹത്തോടും ഉത്തരം പറയേണ്ടിവരുമെന്നുള്ളതിനാൽ കുട്ടികളുടെ കാര്യത്തിൽ സ്കൂൾ അധികൃതരും അദ്ധ്യാപകരുമൊക്കെ ഏറെ കരുതലിലാണ്.

സ്കൂളുകളിലേക്ക് പുറപ്പെട്ട് അവിടെ എത്താതെ കറങ്ങി നടക്കുന്ന കുട്ടികളെ പിന്തുടർന്ന് വിവരം വീടുകളിലറിയിക്കാൻ സംസ്ഥാന പൊലീസ് പുതിയൊരു സംവിധാനം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതിന്റെ ഒരു റിപ്പോർട്ട് കഴിഞ്ഞദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. കണ്ണൂരിലാണ് പകുതി ആദ്യം നടപ്പിലാക്കാൻ പോകുന്നത്. കണ്ണൂർ സ്റ്റേഷൻ പരിധിയിലെ 46 സ്കൂളുകൾ ഉൾപ്പെടുത്തിയാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ഹെഡ് മാസ്റ്ററും അദ്ധ്യാപകരും രക്ഷിതാക്കളും വ്യാപാരികളുടെ പ്രതിനിധി ഒാട്ടോ ഡ്രൈവർമാരുടെ പ്രതിനിധി, സ്കൂൾ ലീഡർ എന്നിവരുൾപ്പെട്ട സമിതിയുടെ നേതൃത്വത്തിലാകും പ്രവർത്തനം. സ്കൂൾ സമയത്ത് പട്ടണത്തിൽ കറങ്ങിനടക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവരെ നേർവഴിക്ക് കൊണ്ടുവരികയെന്നതാണ് വിദ്യാർത്ഥി സംരക്ഷണ സമിതിയുടെ ദൗത്യം. വഴിതെറ്റി നടക്കുന്ന കുട്ടികളുടെ കുടുംബ സാഹചര്യങ്ങൾ മനസിലാക്കി അവരിൽ നല്ല ചിന്തകളും പഠനതാത്പര്യവും വളർത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പഠനവൈകല്യമുള്ള കുട്ടികളെ ഉചിതമായ കൗൺസിലിംഗിലൂടെ നേർവഴിക്ക് കൊണ്ടുവരാൻ കഴിയും. ഇതിനൊക്കെ ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്. കണ്ണൂരിൽ തുടക്കമിടുന്ന വിദ്യാർത്ഥി സംരക്ഷണ സംവിധാനം താമസിയാതെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. കൃത്യമായ മേൽനോട്ടവും അർപ്പണബോധവുമാണ് ഇത്തരം പദ്ധതികളുടെ വിജയം ഉറപ്പാക്കുന്ന ഘടകങ്ങൾ കുട്ടികളുടെ നന്മ ഉദ്ദേശിച്ചു തുടങ്ങുന്ന പദ്ധതിക്ക് ഒരുവിധ തടസവും ഉണ്ടാകാതെ നോക്കേണ്ടത് നടത്തിപ്പുകാരുടെ ചുമതലയാണ്.

കാണാതാവുന്ന കുട്ടികളുടെ സംഖ്യ ഒാരോ വർഷവും കൂടിക്കൊണ്ടിരിക്കുന്നതായാണ് പൊലീസിന്റെ പക്കലുള്ള കണക്ക്. സ്കൂളിൽ പോയ ഒരു കുട്ടി വീട്ടിൽ മടങ്ങിയെത്തിയില്ലെങ്കിൽ രക്ഷിതാക്കൾക്കും ബന്ധുജനങ്ങൾക്കും ഉണ്ടാകുന്ന മനോവിഷമവും അടങ്ങാത്ത ദുഃഖവും ഉൗഹിക്കാവുന്നതേയുള്ളൂ. സ്കൂൾ വിദ്യാർത്ഥികൾ മാത്രമല്ല വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിൽക്കുന്ന കുട്ടികളെയും പെട്ടെന്ന് കാണാതായ സംഭവങ്ങളുണ്ട്. ഭിക്ഷാടന മാഫിയകൾക്കും അധോലോക സംഘങ്ങൾക്കും മറ്റും വലിയ പങ്കാണ്. ഇത്തരം സംഭവങ്ങളിലുള്ളത്. കുട്ടികളുടെ മേൽ സദാ കണ്ണുണ്ടാകണമെന്ന് പറയുന്നതുപോലെ കറങ്ങിനടക്കുന്ന അപരിചിതരായവരുടെ മേലും ഒരു കണ്ണ് എപ്പോഴുമുണ്ടായിരിക്കണം. സ്കൂൾ പരിസരങ്ങളിൽ തമ്പടിക്കാറുള്ള ലഹരി സംഘങ്ങളും കുട്ടികളെ വഴിതെറ്റിക്കുന്നതിൽ മുന്നിൽതന്നെയാണ്. നിരവധി കുട്ടികൾ ഇത്തരത്തിൽ ലഹരി വസ്തുക്കളുടെ അടിമകളാകുന്നതാണ് സമൂഹം ഇന്ന് നേരിടുന്ന ഭയാനകമായ മറ്റൊരു സ്ഥിതിവിശേഷം.