ldf

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയിൽ, മുഖ്യമന്ത്രി പിണറായി വിജയനെ മുന്നിൽനിറുത്തി സർക്കാരിന്റെയും മുന്നണിയുടെയും നിലപാടുകൾ വിശദീകരിച്ചുകൊണ്ടുള്ള ബഹുജന കൂട്ടായ്മകളൊരുക്കാൻ ഇടതുമുന്നണിയോഗം തീരുമാനിച്ചു.

30നകം ജില്ലാ ആസ്ഥാനങ്ങളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കും. 16ന് തിരുവനന്തപുരത്തും 23ന് പത്തനംതിട്ടയിലും 24ന് കൊല്ലത്തും നടക്കുന്ന വിശദീകരണയോഗങ്ങളിൽ മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുക്കും. മന്ത്രിമാരുടെയടക്കം സൗകര്യങ്ങൾ നോക്കിയാവും മറ്റിടങ്ങളിലെ യോഗം. തുടർന്ന് എൽ.ഡി.എഫ് ജില്ലാ സമിതികൾ ചേർന്ന് പഞ്ചായത്തുതലം വരെയുള്ള വിശദീകരണയോഗങ്ങൾ നടത്തും. കുടുംബയോഗങ്ങളും സംഘടിപ്പിക്കും. കോടതിവിധിയുടെ മറവിൽ ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുഴപ്പമുണ്ടാക്കാനാണ് യു.ഡി.എഫും സംഘപരിവാറും ശ്രമിക്കുന്നതെന്നും തെറ്റിദ്ധാരണയകറ്റാൻ ശരിയായ വിശദീകരണങ്ങൾ നൽകേണ്ടതുണ്ടെന്നും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി വിശദമായ ലഘുലേഖകളും ഇറക്കും.

സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ബാദ്ധ്യസ്ഥമാണ്. വ്യത്യസ്ത സന്ദർഭങ്ങളിൽ സമാനവിധികളുണ്ടായപ്പോഴെല്ലാം നടപ്പാക്കുന്ന സമീപനമാണ് സർക്കാരുകളെടുത്തിട്ടുള്ളത്. മുസ്ലിം ദർഗയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ ഹൈക്കോടതി വിധി വന്നപ്പോൾ അവിടത്തെ സർക്കാർ നടപ്പാക്കി. എന്നാൽ കേരളത്തിൽ ഇടതുസർക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണ് ആർ.എസ്.എസും ബി.ജെ.പിയും യു.ഡി.എഫും മറ്റ് ചില വിഭാഗങ്ങളും ചേർന്ന് നടത്തുന്നത്. മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കൽ, മന്ത്രിമാരെ തടയൽ, ദേവസ്വം ഓഫീസുകൾ ആക്രമിക്കൽ എന്നിങ്ങനെയുള്ള പ്രകടനങ്ങളുടെ സ്വഭാവം ഇത് വ്യക്തമാക്കുന്നു. സ്വന്തം കൊടി ഒഴിവാക്കി ബി.ജെ.പി പരിപാടിക്ക് കോൺഗ്രസുകാർ പോകുന്നത് ഇന്നത്തെ ദേശീയരാഷ്ട്രീയ സാഹചര്യത്തിൽ എത്രത്തോളം ശരിയെന്ന് ചിന്തിക്കണം. അപകടകരമായ ഈ രാഷ്ട്രീയസാഹചര്യത്തിൽ വസ്തുതകളെ സമൂഹമദ്ധ്യത്തിൽ തുറന്നുകാട്ടേണ്ടത് എൽ.ഡി.എഫിന്റെ കടമയാണ്.

മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് തന്ത്രികുടുംബം സന്നദ്ധമാവാത്തതിനെപ്പറ്റി ചോദിച്ചപ്പോൾ, എപ്പോൾ വേണമെങ്കിലും ചർച്ചയാകാമല്ലോ എന്നായിരുന്നു വിജയരാഘവന്റെ മറുപടി. മുന്നണിയോഗത്തിൽ ഘടകകക്ഷിനേതാക്കളെല്ലാം ശബരിമലവിഷയത്തിൽ ഒരേ വികാരമാണ്‌ പങ്കുവച്ചത്. വിധി വന്നയുടൻ ഡി.ജി.പി നടത്തിയ എടുത്തുചാടിയുള്ള പ്രതികരണം വേണ്ടായിരുന്നുവെന്ന് സി.പി.ഐ നേതാക്കൾ അഭിപ്രായപ്പെട്ടു.