സംസ്ഥാനത്തിന്റെ ചിരകാലാഭിലാഷമായ കേരള ബാങ്കിനുള്ള അനുവാദം വ്യവസ്ഥകൾക്ക് വിധേയമായി റിസർവ് ബാങ്ക് നൽകിയിരിക്കുന്നു. സംസ്ഥാന സർക്കാരിന് മേൽക്കൈ ഉള്ള ഒരു ബാങ്ക് നമ്മുടെ സമ്പദ് വ്യവസ്ഥയിൽ പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ ലയിച്ചതോടെ ഈ ആവശ്യത്തിന്റെ പ്രസക്തി പതിന്മടങ്ങ് വർദ്ധിച്ചു. ബാങ്കിംഗ് ഏറെ വികസനം നേടിയിട്ടുള്ള സംസ്ഥാനമാണ് കേരളം. വ്യത്യസ്ത ദേശീയ, അന്തർദ്ദേശീയ, പ്രാദേശിക ബാങ്കുകളുടെ ശാഖകൾ സംസ്ഥാനത്ത് ഉടനീളം പ്രവർത്തിക്കുന്നുണ്ട്.
പ്രൊഫഷണലിസം , ശാസ്ത്രസാങ്കേതിക രംഗങ്ങളിലെ അഭൂതപൂർവമായ വികാസം എന്നിവയിൽ മറ്റ് ബാങ്കുകളെ അപേക്ഷിച്ച് പരിമിതിയുണ്ടെങ്കിലും സംസ്ഥാന സഹകരണബാങ്ക്, ജില്ലാ സഹകരണ ബാങ്കുകൾ, അർബൻ സഹകരണ ബാങ്കുകൾ പ്രാഥമിക സഹകരണസംഘങ്ങൾ/ബാങ്കുകൾ എന്നിവ ഉൾക്കൊള്ളുന്ന സഹകരണ ബാങ്കിംഗ് മേഖല സംസ്‌ഥാനത്തെ ശക്തമായ സാന്നിദ്ധ്യമാണ്. ഇടത്തരം ചെറുകിട വരുമാനക്കാരുടെ വിശ്വാസ്യത ആർജ്ജിക്കാനായതും വികേന്ദ്രീകരണസ്വഭാവവും പ്രാദേശിക താത്പര്യസംരക്ഷണവുമാണ് സഹകരണ ബാങ്കുകളുടെ വിജയത്തിന് കാരണം .
കാർഷിക വായ്പ അനുവദിക്കുന്നതിനുള്ള സംരംഭങ്ങൾ രൂപീകരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇന്ത്യയിൽ സഹകരണ സംഘങ്ങൾ രൂപീകൃതമായത്. അതേസമയം, മുതലാളിത്ത വ്യവസ്ഥയുടെ സ്വഭാവദൂഷ്യങ്ങളും മധ്യവർത്തികളെയും ഒഴിവാക്കി സംരംഭത്തിന്റെ നേട്ടങ്ങൾ സന്തുലിതമായി വിതരണം ചെയ്യുന്നതും സഹകരണാശയത്തിന്റെ ലക്ഷ്യമായിരുന്നു. ഈ ലക്ഷ്യം നേടുന്നതിന് തൊഴിലാളി വർഗാധിപത്യം സമ്പദ് വ്യവസ്ഥയിൽ നടപ്പിൽ വരുത്തണമെന്ന മാർക്സിയൻ ആശയത്തിന്റെ പിൻബലത്തിൽ സോവിയറ്റ് യൂണിയനിൽ നടപ്പിലാക്കിയ സഹകരണാശയത്തിന് ചുവടുപിടിച്ചാണ് കേരളത്തിൽ സഹകരണാശയം പ്രയോഗത്തിൽ എത്തിയത്.
സഹകരണാശയം കേരളീയരുടെ രക്തത്തിൽ അലിഞ്ഞു ചേരുന്നതിന് പ്രേരകമായത് നവോത്ഥാനനായകരുടെ ഉപദേശം ഉൾക്കൊണ്ട് തിരുവിതാംകൂറിലെ ജനങ്ങൾ കാട്ടിയ താത്പര്യമാണ്. 'സംഘടനകൊണ്ട് ശക്തരാകുക, വ്യവസായം ചെയ്ത് ധനാഭിവൃദ്ധി നേടുക എന്ന ശ്രീനാരായണഗുരുവിന്റെ ഉദ്ബോധനം ഇതിൽ വൻപ്രാധാന്യം ഉള്ളതുമായിരുന്നു.
ഗുരുവിന്റെ ആഹ്വാനം മുൻനിറുത്തി പ്രമുഖ ശിഷ്യരായ ടി.കെ. മാധവനും സഹോദരൻ അയ്യപ്പനും സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നതിന് മുൻകൈയെടുത്തു. തുടർന്ന്, മഹാത്മാ അയ്യങ്കാളി, മന്നത്ത് പത്മനാഭൻ തുടങ്ങിയ ഇതര സമുദായ നേതാക്കളും ഇതേ പാത പിന്തുടർന്ന് പരസ്പരസഹായസംഘങ്ങൾ രൂപീകരിക്കാൻ തുടങ്ങി. ചുരുങ്ങിയ കാലംകൊണ്ട് 715 പരസ്പര സഹായ സഹകരണ സംഘങ്ങളാണ് തിരുവിതാംകൂറിൽ രൂപീകൃതമായത്. ജാതി അടിസ്ഥാനത്തിൽ രൂപീകൃതമായ ഇൗ സംരംഭങ്ങൾ സമൂഹത്തിൽ വായ്പാ-നിക്ഷേപക രംഗങ്ങളിൽ വൻപ്രഭാവം ഉണ്ടാക്കി. ഇൗ സംഘങ്ങൾ സംയോജിപ്പിച്ച് എല്ലാ വിഭാഗങ്ങളിലും പ്പെട്ടവർക്ക് അംഗത്വം നൽകി സഹകരണ പ്രസ്ഥാനം വിജയിപ്പിക്കണമെന്ന ഒരു വിദഗ്ദ്ധസമിതിയുടെ നിർദ്ദേശം (1934) പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ദേശീയബോധം വളർത്തുന്നതിനു ജാതി ചിന്തകൾക്ക് അതീതമായി കൂട്ടായ്മയോടെ പ്രവർത്തിക്കുന്നതിനും ഇത് ഉപകരിച്ചു.
ഇക്കാര്യങ്ങൾ ഇവിടെ സൂചിപ്പിച്ചത്, സഹകരണ മേഖലയിലുള്ള 14 ജില്ലാതല ബാങ്കുകൾ സംസ്ഥാനസഹകരണ ബാങ്കുകളുമായി സംയോജിപ്പിച്ച് ഒരുവൻകിട ബാങ്കിന് രൂപം കൊടുക്കുമ്പോൾ സഹകരണാശയത്തിന് മൂല്യച്യുതി ഉണ്ടാകുമോ എന്ന ഭയം ഉള്ളതുകൊണ്ടാണ്. ഇതിനകം തന്നെ കോടിക്കണക്കിന് രൂപയുടെ സഞ്ചിതനഷ്ടം ഉള്ള സംസ്ഥാന സഹകരണ ബാങ്കും ചുരുക്കം ചില ജില്ലാ സഹകരണ ബാങ്കുകളുമൊഴിച്ചാൽ, മാന്യമായ പ്രവർത്തനഫലവും മികവും ഉള്ള ജില്ലാസഹകരണബാങ്കുകളും ലയിക്കുമ്പോൾ സാമ്പത്തിക ഭദ്രതയ്ക്ക് തുടക്കത്തിൽ തന്നെ ഹാനി സംഭവിക്കേല്ല? സംസ്ഥാന ഖജനാവിൽ നിന്ന് 500 കോടിരൂപ നഷ്ടം നികത്തുന്നതിനുവേണ്ടി വിനിയോഗിക്കുമ്പോൾ സഹകരണ ബാങ്കിംഗിന്റെ വികേന്ദ്രീകരണസ്വഭാവത്തിൽ വരുന്ന കാതലായ മാറ്റം അനുകൂലമാക്കി മാറ്റാനാകുമോ?
സ്ഥിരം നിയമനം ലഭിച്ച ബിൽ കളക്ടർമാരും ഡേറ്റാ എൻട്രി ഒാപ്പറേറ്റർമാരും ഉൾപ്പെടെ താഴെതട്ടുമുതൽ മേൽത്തട്ടുവരെയുള്ള ഇപ്പോഴത്തെ ഉദ്യോഗസ്ഥർക്ക് ഒാരോതസ്തികയിലുമുള്ള ഉത്തരവാദിത്വം എന്തെന്നും അവർ അതിനുള്ള അക്കാഡമിക് യോഗ്യതയും മാനേജ്മെന്റ് പരിചയവും ഉള്ളവരാണോ എന്നൊക്കെ ഉറപ്പുവരുത്തുക ക്ഷിപ്രസാധ്യമല്ല. കേരള സഹകരണ നിയമവും ചട്ടവും സമ്പൂർണമായും ലയനശേഷവും പാലിക്കണമെന്ന റിസർവ് ബാങ്കിന്റെ നിർദ്ദേശം മേൽവിവരിച്ച സഹകരണ ആശയങ്ങൾക്ക് യോജിച്ച രീതിയിൽ നടപ്പിൽ വരുത്താനാവില്ല. രാഷ്ട്രീയാതിപ്രസരമുള്ള ജില്ലാസഹകരണ ബാങ്കുകളിലെ ജനറൽ ബോഡിയിൽ ലയന പദ്ധതി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കാൻ കഴിഞ്ഞാൽ അത് തികച്ചും അതിശയകരമായിരിക്കും. ഒരു ഒാർഡിനൻസിലൂടെ ഇതിന് പരിഹാരം ഉണ്ടാക്കാം എന്ന് സർക്കാർ കരുതുന്നുവെങ്കിലും നിരവധി നിയമപ്രശ്നങ്ങൾ ഇത് സംബന്ധിച്ച് ഉണ്ടായി എന്നും വരാം. ബാങ്ക് എന്ന പദം ഉപയോഗിച്ച് കേരളത്തിൽ പുതിയ സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്യാനാവില്ല എന്ന റിസർവ് ബാങ്കിന്റെ നിർദ്ദേശവും സഹകരണ ബാങ്കിംഗിന് പ്രതിസന്ധി ഉണ്ടാക്കും. ചുരുക്കത്തിൽ സഹകരണ മേഖലയിൽ നിന്നുമാറി, സർക്കാർ സംരംഭമായി കേരള ബാങ്ക് എന്ന വാണിജ്യ ബാങ്ക് രൂപീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതാകും ഉചിതം.