beer-

തിരുവനന്തപുരം:ബ്രൂവറി - ബ്ളെൻഡിംഗ് യൂണിറ്റുകൾക്ക് നൽകിയ അനുമതി റദ്ദാക്കി വിവാദത്തിൽ നിന്ന് തലയൂരാൻ നോക്കിയ സർക്കാരിന് ഇക്കാര്യത്തിൽ തുടക്കം മുതലുള്ള ഉദ്ദേശ്യശുദ്ധിയെ സംശയത്തിലാക്കുന്ന മറ്റൊരാരോപണവും ഉയർന്നു. ജനനന്മയ്‌ക്കായി മദ്യലഭ്യത കുറയ്‌ക്കാൻ ലക്ഷ്യമിടുന്ന മദ്യനയത്തിന്റെ പേരിൽ രണ്ട് വർഷം മുൻപ് ബ്രൂവറി അനുമതി നിഷേധിച്ച ചെന്നൈയിലെ അപ്പോളോ ഡിസ്റ്റിലറീസിന് അതേ മദ്യനയം നിലനിൽക്കുമ്പോൾ അനുമതി നൽകിയെന്ന് വ്യക്തമായി. ഇതുൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്കുള്ള അനുമതികളാണ് വിവാദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം റദ്ദാക്കിയത്.

ബ്രൂവറികൾക്കും ബ്ളെൻഡിംഗ് യൂണിറ്റുകൾക്കും അനുമതി നൽകാനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് മുഖംരക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. ഇതേക്കുറിച്ച് ഇന്ന് പ്രതികരിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്റെ ഓഫീസ് അറിയിച്ചു.

നിഷ പുരുഷോത്തമൻ ഡയറക്ടറായ അപ്പോളോ ഡിസ്റ്രിലറീസ് പ്രൈവറ്റ് ലിമിറ്റഡ് പാലക്കാട് എലപ്പുള്ളി വില്ലേജിൽ120 കോടി രൂപ മുതൽമുടക്കിൽ പ്രതിവർഷം അഞ്ച് ലക്ഷം ഹെക്റ്റോ ലിറ്റർ ( അഞ്ച് കോടി ലിറ്റർ ) ബിയർ ഉത്പാദിപ്പിക്കാനുള്ള ബ്രൂവറിക്കാണ് അപേക്ഷ നൽകിയത്. അപേക്ഷ പരിഗണിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സഹിതം അപേക്ഷ നൽകിയിട്ടും അബ്കാരി നയത്തിൽ വ്യവസ്ഥ ഇല്ല എന്ന കാരണം കാട്ടി 28/07/2016 ൽ അപേക്ഷ നിരസിക്കുകയായിരുന്നു.(ഇതിന്റെ രേഖ കേരളകൗമുദിക്ക് ലഭിച്ചു) അതിന് ശേഷവും അബ്കാരി നയത്തിൽ സർക്കാർ മാറ്രമൊന്നും വരുത്തിയിരുന്നില്ല. എന്നിട്ടും 2017 നവംബർ 13 ന് എക്സൈസ് കമ്മിഷണർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ 2018 ജൂൺ 28 ന് അപ്പോളോ ഡിസ്റ്റിലറിക്ക് അതേ സർവേ നമ്പരിലുള്ള സ്ഥലത്ത് തന്നെ ബ്രൂവറിക്ക് അനുമതി നൽകുകയായിരുന്നു. ഇതിനു പിന്നിൽ ഉന്നത ഇടപെടൽ ഉണ്ടെന്നാണ് ആരോപണം. ബ്രൂവറികൾക്കും ബ്ളെൻഡിംഗ് യൂണിറ്റുകൾക്കും ലൈസൻസ് നൽകാൻ എക്സൈസ് മന്ത്രിയുടെ ഓഫീസിൽ സ്വാധീനമുള്ള വ്യക്തി ഇടപെട്ടെന്ന ആരോപണവും ഉയർ‌ന്നിരുന്നു.