വിതുര: കുണ്ടും കുഴിയും കാരണം തകർച്ചയിലായ തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി-പൊരിയക്കാട് റോഡിന് ഒടുവിൽ ശാപമോക്ഷമായി. തകർന്ന നിലയിലായ റോഡ് ടാറിംഗിനായി ജില്ലാപഞ്ചായത്ത് 30 ലക്ഷം രൂപ അനുവദിച്ചു. തുരുത്തിയിൽ നിന്നു പൊരിയക്കാടിലേക്കുള്ള റോഡ് വർഷങ്ങളായി തകർന്നുകിടക്കുന്നതു കാരണം കാൽനടയാത്ര പോലും അസാദ്ധ്യമാണ്. റോഡിൻെറ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടിരുന്നു. റോഡിൻെറ തകർച്ച കാരണം അപകടങ്ങൾ ഇവിടെ നിത്യ സംഭവമാണ്. ഇരുചക്രവാഹനങ്ങളും മറ്റും അപകടത്തിൽ പെടാത്ത ദിനങ്ങൾ വിരളമാണ്. മാത്രമല്ല ഇതുവഴി ഒാടുന്ന വാഹനങ്ങൾ കേടായി വഴിയിൽ കിടക്കുന്നതും പതിവ് കാഴ്ചയാണ്. റോഡിന്റെ ദുരവസ്ഥ കാരണം സ്വകാര്യവാഹനങ്ങളും മറ്റും സവാരിക്ക് വിമുഖത കാട്ടാറാണ് പതിവ്.
അവസ്ഥ പരിതാപകരം
മഴക്കാലത്ത് തുരുത്തി - പൊരിയക്കാട് റോഡിലൂടെയുള്ള യാത്ര അതീവ ദുഷ്കരമാണ്. റോഡ് നിറയെ മഴക്കുഴികൾ രൂപാന്തരപ്പെടുകയും ചെളിക്കളമായി മാറുകയുമാണ് പതിവ്. മഴക്കാലത്ത് അപകടങ്ങളുടെ എണ്ണവും വർദ്ധിക്കും. തുരുത്തി-പൊരിയക്കാട് റോഡ് ടാറിംഗ് നടത്തുന്നതിനായി നിരവധി തവണ പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ നടത്താറുണ്ടെങ്കിലും പണി മാത്രംനടക്കാറില്ല.
നന്ദി അറിയിച്ചു
തുരുത്തി - പൊരിയക്കാട് റോഡ് ടാറിംഗ് നടത്തുന്നതിനായി ഫണ്ട് അനുവദിച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന് ആർ.എസ്.പി തൊളിക്കോട് ലോക്കൽകമ്മിറ്റി സെക്രട്ടറി വൈ.എം. സുധീർ നന്ദി രേഖപ്പെടുത്തി.