കാട്ടാക്കട : കാട്ടാക്കട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്‍തതിൽ പ്രതിഷേധിച്ച് ജീവനക്കാർ ജോലി നിറുത്തി പഞ്ചായത്തു ഓഫീസിന് മുന്നിൽ അരമണിക്കൂർ പ്രതിഷേധിച്ചു. സെക്രട്ടറിക്കെതിരെ എടുത്ത അകാരണമായ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം . ഇതുമൂലം ഒരു മണിക്കൂറോളം വിവിധ ആവശ്യങ്ങൾക്കായി എത്തിയവർ കുടുങ്ങി.
ബുധനാഴ്ചയാണ് പഞ്ചായത് സെക്രട്ടറി ജീവനെ സസ്പെൻഡ് ചെയ്തത്. ഇന്നലെ രാവിലെ ഇതറിഞ്ഞതോടെയായിരുന്നു സമരം. മാസങ്ങൾക്ക് മുൻപ് മംഗലക്കൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹാളിനെ ചൊല്ലിയുള്ള തർക്കമാണ് സെക്രട്ടറിയ്ക്കെതിരേയുള്ള നടപടിയ്ക്ക് കാരണമായത്. കേസ് നടക്കുന്ന ഹാളിന്റെ റവന്യൂ രേഖകളുമായി എത്തിയ ആൾ പഞ്ചായത്ത് കമ്മിറ്റിയ്ക്ക് മുൻപാകെ ഓണർഷിപ്പിന് അപേക്ഷനൽകിയിരുന്നു. അപേക്ഷ പഞ്ചായത്ത് കമ്മിറ്റിയിൽ വയ്ക്കുകയും കമ്മിറ്റി ഇത് അംഗീകരിച്ചു ലൈസൻസ് നല്കുകയും ചെയ്തു. എന്നാൽ മാസങ്ങൾ കഴിഞ്ഞു എതിർകക്ഷി മതിയായരേഖകളുമായി പഞ്ചായത്തിനെ സമീപിക്കുകയും ഈ അപേക്ഷയും കമ്മിറ്റിയിൽ വച്ചു ചർച്ച ചെയ്യുകയും ആദ്യത്തെ ലൈസൻസ് റദ്ദാക്കി പുതിയ അപേക്ഷയിൽ ലൈസൻസ് അനുവദിക്കുകയും ചെയ്തു വെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത പറഞ്ഞു. അതേസമയം പഞ്ചായത്ത് കമ്മിറ്റി എടുത്ത തീരുമാനമാണ് ഇപ്പോൾ സെക്രട്ടറിയുടെ സസ്‌പെൻഷനിൽ കലാശിച്ചിരിക്കുന്നത്.