kallara

പാങ്ങോട്: വെള്ളയം ദേശത്തെ നടപ്പാലം വാഹനങ്ങൾ കടന്നുപോകുന്ന തരത്തിലുള്ള പാലമാക്കി മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പാങ്ങോട് പഞ്ചായത്തിലെ വെള്ളയംദേശം വാർഡിലാണ് കാൽനടയാത്രയ്ക്കായി നാലടിയിൽ താഴെ വീതിയിൽ പാലമുള്ളത്. ഇരുചക്രവാഹനയാത്രക്കാർക്കും ബുദ്ധിമുട്ടില്ലാതെ കടന്നുപോകാം. മറ്റു വാഹനങ്ങൾ പാലത്തിന്റെ അക്കരയും ഇക്കരെയും നിർത്തണം. പിന്നെ കാൽനടയായി വേണം യാത്ര തുടരാൻ. വെള്ളയം ദേശം, കക്കോട്ട്കുന്ന് മേഖലയിലെ നൂറ് കണക്കിന് കുടുംബങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ ഈ നടപ്പാലമാണ് ആശ്രയം. മാറിമാറി വരുന്ന പഞ്ചായത്ത് ഭരണക്കാരോടെല്ലാം പാലത്തിന്റെ കാര്യം നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇലക്ഷൻ അടുക്കുമ്പോൾ പാലം കെട്ടിത്തരാമെന്ന വാഗ്ദാനവുമായി രാക്ഷ്ട്രീയക്കാർ കക്ഷിഭേദമില്ലാതെ ഇവിടെ എത്തും. ഇലക്ഷൻ കഴിയുമ്പോൾ സൗകര്യപൂർവം മറക്കുകയും ചെയ്യും. രോഗികളുടെ കാര്യമാണ് ഏറെ കഷ്ടം. വലിയ വാഹനങ്ങൾ കടന്നു ചെല്ലാത്തതിനാൽ അസുഖങ്ങൾ ബാധിച്ചവരെ തോളിലും, കട്ടിലിലും ചുമന്ന് പാലത്തിന്റെ മറുകരയെത്തിച്ച ശേഷമാണ് ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നത്. നാട്ടുകാരുടെ യാതനകൾ മനസിലാക്കി നടപ്പാലം ഉള്ള സ്ഥലത്ത് വലിയ വാഹനങ്ങൾ കൂടി കടന്നുപോകുന്ന തരത്തിനുള്ള പാലം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.