നെടുമങ്ങാട് : കോടികൾ മുടക്കി നിർമ്മിച്ച നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ''ആളെക്കൊല്ലി'' മാൻഹോളുകൾ യാത്രക്കാരുടെ പേടിസ്വപ്നമാവുന്നു. ബസ് പിടിക്കാനുള്ള യാത്രക്കാരുടെ തത്രപ്പാടിനിടെ മാൻഹോളിലെ ഇരുമ്പ് കൊളുത്തിൽ കുടുങ്ങി പ്ലാറ്റ് ഫോമിൽ മുഖമടിച്ചു വീഴുന്നവരുടെ എണ്ണം അനുദിനമേറുകയാണ്. തറനിരപ്പിൽ നിന്നും ഉയർന്നാണ് മാൻഹോളുകൾ സ്ഥാപിച്ചിട്ടുള്ളത്.മേൽമൂടി ഉയർത്താനുള്ള സൗകര്യത്തിന് ഇരുവശങ്ങളിലും ഇരുമ്പു കൊളുത്ത് പിടിപ്പിച്ചിട്ടുള്ളതിനാൽ മാൻഹോളുകൾ ശ്രദ്ധയോടെ മറികടന്നില്ലെങ്കിൽ കൊളുത്തിൽ തട്ടിവീഴാനും വസ്ത്രങ്ങൾ കുടുങ്ങാനും സാദ്ധ്യതയുണ്ട്. ഇക്കാര്യം യാത്രക്കാർ ശ്രദ്ധിക്കാറേയില്ല. ബസ് സ്റ്റാൻഡിലെയും ഷോപ്പിംഗ് കോംപ്ലക്സിലെയും ഡ്രൈനേജ് ലൈനുകൾക്ക് മീതെയുള്ള സ്ളാബുകളാണ് പൊട്ടിപ്പൊളിഞ്ഞത്. അസഹ്യമായ ദുർഗന്ധം സഹിച്ചാണ് യാത്രക്കാരും കച്ചവടക്കാരും കഴിച്ചുകൂട്ടുന്നത്. ഡി.ടി.ഒ അടക്കമുള്ള ഡിപ്പോ അധികാരികളുടെ കൺവെട്ടത്താണ് യാത്രക്കാരെ കുടുക്കുന്ന മാൻഹോളുകൾ. നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ അനേകം വിദ്യാർത്ഥികൾ ബസ് കയറാനുള്ള ഓട്ടത്തിനിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. സ്‌കൂൾ അധികൃതരും യാത്രക്കാരുടെ ക്ഷേമസംഘടനകളും അടക്കം നിരവധിപേർ പരാതിയുമായി രംഗത്തുണ്ടെങ്കിലും മാൻഹോളുകൾ സുരക്ഷിതമാക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
നടവഴികളിലും വില്ലന്മാർ !
നഗരസഭയുടെ മേൽനോട്ടത്തിലുള്ള നടപ്പാതകളിലും പൊട്ടിപ്പൊളിഞ്ഞ മാൻഹോളുകൾ അപായഭീതി പരത്തുകയാണ്. മേൽമൂടി തകർന്ന അഴുക്കുചാലുകളിൽ മാംസാവശിഷ്ടങ്ങൾ വരെ നിക്ഷേപിക്കുന്നുണ്ട്. ദുർഗന്ധം സഹിച്ച് വഴിനടക്കാനേ യാത്രക്കാർക്ക് കഴിയുന്നുള്ളു. കച്ചേരിക്കവലയിൽ സ്ളാബിലെ തുരുമ്പിച്ച കമ്പി തുളച്ചു കയറി കാൽ നടക്കാരന് പരിക്കേറ്റത് കഴിഞ്ഞ ദിവസമാണ്. ബഹുനില സമുച്ചയങ്ങളിലെ സെപ്ടിക് ടാങ്കുകളിൽ നിന്ന് പൈപ്പ് സ്ഥാപിച്ച് മാൻഹോളിലേയ്ക്ക് മാലിന്യം ഒഴുകുന്നുണ്ട്. തകർന്ന സ്ളാബുകൾ മാറ്റി പുതിയ മേൽമൂടി സ്ഥാപിച്ചാലും തൊട്ടടുത്ത ദിവസം സ്ളാബ് തകർന്ന നിലയിൽ കാണാറാണ് പതിവ്. ചിലർ സ്ളാബുകൾ തകർക്കുകയാണെന്ന് ആരോപണമുണ്ട്. മാലിന്യമൊഴുക്കലാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്നും പറയപ്പെടുന്നു. നഗരസഭ ആരോഗ്യവകുപ്പ് ഇതുസംബന്ധിച്ച് നടപടിയെടുക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു.
''യാത്രക്കാരുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കാൻ നഗരസഭയും കെ.എസ്.ആർ.ടി.സിയും നടപടിയെടുക്കണം. തകർന്ന മേൽമൂടികൾ പുനഃസ്ഥാപിക്കണം. ഓടകളിൽ മാലിന്യമൊഴുക്കുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം''.......ശശിധരൻ നായർ (പ്രസിഡന്റ്, ടൗൺ റസിഡന്റ്‌സ് അസോസിയേഷൻ)
മാൻഹോളുകൾ ഇവിടെ കാത്തിരിപ്പുണ്ട്
കെ.എസ്.ആർ.ടി.സി
സൂര്യ റോഡ്
കുളവിക്കോണം
ചന്തമുക്ക്
ജില്ലാ ആശുപത്രി ജംഗ്‌ഷൻ
പതിനൊന്നാംകല്ല്
പഴകുറ്റി
സത്രംമുക്ക്
കുപ്പക്കോണം
കല്ലിംഗൽ
ശ്രദ്ധിച്ചില്ലേൽ അപകടം
യാത്രക്കാരുടെ ഇരിപ്പിടം പിന്നിട്ട് പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങുന്ന ഭാഗങ്ങളിലാണ് മാൻഹോളുകൾ. ഇവയിൽ പലതും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. തുരുമ്പിച്ച കമ്പി പുറത്തേക്ക് തള്ളിനില്ക്കുന്നത് ഭീതി പരത്തുന്നു. ബസിൽ ഓടിക്കയറാനുള്ള ശ്രമത്തിൽ യാത്രക്കാർ മാൻഹോളുകൾ ശ്രദ്ധിക്കാറില്ല. കാലിൽ കമ്പി തുളച്ചു കയറുന്നതും സ്ളാബിനിടയിൽ കുരുങ്ങുന്നതും പതിവുകാഴ്ചയാണിവിടെ.