കിളിമാനൂർ: കാഷ്യു വർക്കേഴ്സ് സെന്റർ സംസ്ഥാന ജനറൽ സെക്രട്ടറി കരിങ്ങന്നൂർ മുരളി ക്യാപ്ടനായ തെക്കൻമേഖലാ ജാഥ കിളിമാനൂരിൽ നിന്ന് പര്യടനം ആരംഭിച്ചു. കശുവണ്ടി തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) 17ന് തിരുവനന്തപുരം റിസർവ് ബാങ്ക് ആസ്ഥാനത്തേക്ക് നടത്തുന്ന മാർച്ചിന്റെ പ്രചാരണാർത്ഥമാണ് ജാഥ സംഘടിപ്പിച്ചത്. സി.ഐ.ടി.യു നേതാവ് പി.കെ ഗുരുദാസൻ കിളിമാനൂർ കെ.എസ്.സി.ഡി.സി ഫാക്ടറി പടിക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. കശുവണ്ടി തൊഴിലാളിയൂണിയൻ(സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് ശ്രീജാ ഷൈജുദേവ് അധ്യക്ഷത വഹിച്ചു. കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കുക, ഫാക്ടറി വ്യവസായത്തിനായി ബാങ്ക് ലോൺ അനുവദിക്കുക, അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറന്ന് പ്രവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുക, കേന്ദ്രസർക്കാർ നികുതി ഒഴിവാക്കുക, മിനിമം കൂലി നടപ്പിലാക്കുക, നിയമനിഷേധം അവസാനിപ്പി്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
എൽ ഡി എഫ് സർക്കാർ ഈ വ്യവസായത്തെ സംരക്ഷിക്കാൻ നിരവധി നടപടികൾ എടുത്തെന്ന് പി.കെ ഗുരുദാസൻ പറഞ്ഞു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും കശുവണ്ടി ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചു. കാഷ്യു ബോർഡ് രൂപീകരിച്ചതും എൽ. ഡി .എഫ് സർക്കാരാണ്. വ്യവസായത്തെ നിലനിർത്താനായി അടിയന്തരമായി ബാങ്കുകൾ ലോൺ അനുവദിക്കുന്നതിനുള്ള നടപടി റിസർവ്വ ബാങ്ക് കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മടവൂർ ഞെക്കാടൻസ് കാഷ്യുഫാക്ടറി, പള്ളിക്കൽ ഷാ ഫാക്ടറി, കാട്ടുപുതുശേരി ഷാ ഫാക്ടറി തുടങ്ങിയ സ്വീകരണ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയ ജാഥ കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചു. ഉദ്ഘാടന യോഗത്തിൽ സി .പി .എം ജില്ലാകമ്മിറ്റിയംഗം അഡ്വ.മടവൂർ അനിൽ, ഏരിയാ സെക്രട്ടറി അഡ്വ എസ് .ജയചന്ദ്രൻ, അഡ്വ ബിന്ദു ഉമ്മർ, ജാഥാ അംഗങ്ങളായ ബി.തുളസീധരകുറുപ്പ്, പി.ആർ.വസന്തൻ,സുകേശൻ, അഡ്വ ജി.രാജു, സുചീന്ദ്രൻ, ബീമാബീവി , സി.പി.എം ലോക്കൽ സെക്രട്ടറി ആർ.കെ ബൈജു തുടങ്ങിയവർ സംസാരിച്ചു. കശുവണ്ടി തൊഴിലാളിയൂണിയൻ (സി ഐ ടി യു) സംസ്ഥാനകമ്മറ്റിയംഗങ്ങളായ ഇ.ഷാജഹാൻ സ്വാഗതവും ഷീജ നന്ദിയും പറഞ്ഞു