angan

കല്ലമ്പലം: കേരളകൗമുദി വാർത്തയെ തുടർന്ന് കോട്ടറകോണത്തെ അംഗൻവാടിയിൽ കിണർ നിർമ്മിക്കാൻ പഞ്ചായത്ത് തീരുമാനം. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡായ കോട്ടറക്കോണത്ത് പ്രവർത്തിക്കുന്ന എഴുപത്തിആറാം നമ്പർ അംഗൻവാടിയിൽ കുട്ടികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന വാർത്ത കഴിഞ്ഞ ദിവസം കേരള കൗമുദി നൽകിയിരുന്നു.

2018 – 2019 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ അംഗൻവാടികളുടെ അറ്റകുറ്റപ്പണികളും ഭൗതിക സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ടെന്നും, കോട്ടറക്കോണം അംഗൻവാടിയും ഇതിലുൾപ്പെടുത്തി കിണർ നിർമ്മിക്കുമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ് കെ.തമ്പി പറഞ്ഞു. കിണർ പൂർത്തിയാകുന്നതോടെ കുടിവെള്ള പ്രശ്നത്തിനു പരിഹാരമാകും.

കേന്ദ്ര സർക്കാരിന്റെ 2007 - 2008 എസ്.ജി.ആർ.വൈ പദ്ധതിയിലൂടെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്‌ വഴി ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് നാവായിക്കുളം പഞ്ചായത്ത്‌ മൂന്ന് സെന്റ്‌ വസ്തുവിൽ അംഗൻവാടി കെട്ടിടം പണിതത്. എന്നാൽ പ്രവർത്തനം തുടങ്ങി പത്തു വർഷമായിട്ടും കിണർ കുഴിക്കുകയോ, പൈപ്പ് കണക്ഷൻ എടുക്കുകയോ ഉണ്ടായില്ല. പതിനഞ്ചോളം കുട്ടികളും, വർക്കറും, ഹെൽപ്പറും കുടിക്കുന്നതിനും, പാചകം ചെയ്യുന്നതിനും, മറ്റു പ്രാഥമിക ആവശ്യങ്ങൾക്കും വെള്ളത്തിനായി അയൽപക്കത്തുള്ള വീടുകളെയാണ് ആശ്രയിച്ചിരുന്നത്. കുടിവെള്ളമില്ലാത്തതിനാൽ കുട്ടികളെ ഈ അംഗൻ വാടിയിലേക്ക് അയയ്ക്കാൻ പല രക്ഷകർത്താക്കളും തയ്യാറല്ലായിരുന്നു. തുടർന്നാണ് 11ന് 'കുടിവെള്ളത്തിനായി കേഴുന്ന അംഗൻവാടി' എന്ന തലക്കെട്ടിൽ വാർത്ത വന്നതും ഉടൻ തന്നെ നടപടിയുണ്ടായതും.