തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളായണി ഹോമിയോ കോളേജിന് സമീപം ചാനൽകര വീട്ടിൽ അലീഫ് ഖാനാണ് (27) അറസ്റ്റിലായത്.
ഗുണ്ടാ പിരിവ് നൽകാത്തതിന് വെള്ളായണിയിലെ സ്വകാര്യ കച്ചവട സ്ഥാപനമുടമയെ ആക്രമിച്ചതുൾപ്പെടെ പതിനഞ്ചോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഗുണ്ടാനിയമപ്രകാരം നാല് തവണ കരുതൽ തടങ്കലിലായിരുന്ന അലീഫ് എറണാകുളത്ത് മാരകായുധമുപയോഗിച്ച് കുഴൽപ്പണം പിടിച്ചുപറിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്. ജയിലിൽ നിന്നിറങ്ങിയ ശേഷം ഗുണ്ടാ പിരിവും കഞ്ചാവ് കച്ചവടവുമാണ് തൊഴിലെന്ന് പൊലീസ് പറഞ്ഞു.
സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശിന്റെ നിർദ്ദേശാനുസരണം ഡി.സി.പി ആർ. ആദിത്യ, കൺട്രോൾ റൂം എസ്.പി സുരേഷ് കുമാർ, ഷാഡോ എ.എസ്.ഐമാരായ ലഞ്ജുലാൽ, യശോധരൻ, ഷാഡോ ടീം എന്നിവരാണ് പ്രതിയെ പിടികൂടിയത്.