തിരുവനന്തപുരം: രണ്ട് വർഷം മുമ്പ് മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ ബ്രൂവറിക്ക് അനുമതി നിഷേധിച്ച എക്‌സൈസ് മന്ത്രി, അതേ സ്ഥാപനത്തിന് അതേ സ്ഥലത്ത് അതേ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ അനുമതി നൽകിയത് അഴിമതിയുടെ വ്യക്തമായ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഒരേ മന്ത്രി രണ്ട് വിധത്തിൽ ഉത്തരവിടുന്നത് കേരള ചരിത്രത്തിൽ ആദ്യമാണ്. പ്രതിപക്ഷം പറഞ്ഞതെല്ലാം നൂറുശതമാനം ശരിയാണെന്ന് തെളിഞ്ഞു. വ്യക്തമായ വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. അതിനാൽ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും നിയമനടപടികൾക്ക് വിധേയരാകണം. ഗവർണർക്ക് മൂന്ന് കത്തുകൾ കൊടുത്തിട്ടുണ്ട്. നിയമനടപടികൾക്കുള്ള അനുമതി വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
മദ്യനയം മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും നേരിട്ട് പറഞ്ഞതാണ്. ആ നയത്തിൽ ബ്രൂവറിക്കും ഡിസ്റ്റിലറിക്കും അനുമതി കൊടുക്കാമെന്ന് പറഞ്ഞിട്ടില്ല. ബ്രൂവറിക്കുള്ള ഒരപേക്ഷ മുഖ്യമന്ത്രി നേരിട്ട് വാങ്ങിയതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ബ്രൂവറിയുടെ കാര്യത്തിൽ മുഖ്യമന്ത്രിക്ക് പ്രത്യേക താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് അത് മാദ്ധ്യമങ്ങൾ അന്വേഷിച്ച് കണ്ടെത്തേണ്ടതാണെന്നായിരുന്നു മറുപടി.
99ലെ ഉത്തരവ് ഭേദഗതി ചെയ്ത് ഇതേ ആളുകളിൽ നിന്ന് അപേക്ഷ വാങ്ങി വീണ്ടും അനുമതി കൊടുക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജനങ്ങൾ അനുവദിക്കില്ല. ഇടതു മുന്നണിയുടെ കറവപ്പശുവാണ് എക്‌സൈസ് വകുപ്പെന്നും വരും ദിവസങ്ങളിൽ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും ചെന്നിത്തല പറഞ്ഞു.